Quantcast

പ്രവാചകനെതിരെ അപകീർത്തി പരാമർശം: ഖത്തറിനു പിന്നാലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്തും

വിദ്വേഷ പ്രസ്താവനകൾ തടസമോ ശിക്ഷയോ കൂടാതെ തുടരുന്നത് തീവ്രചിന്തകൾക്ക് വളംവയ്ക്കുമെന്ന് ഇന്ത്യൻ അംബാസഡർക്ക് കൈമാറിയ പ്രതിഷേധക്കുറിപ്പിൽ കുവൈത്ത്

MediaOne Logo

Web Desk

  • Updated:

    2022-06-05 15:56:07.0

Published:

5 Jun 2022 3:50 PM GMT

പ്രവാചകനെതിരെ അപകീർത്തി പരാമർശം: ഖത്തറിനു പിന്നാലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്തും
X

കുവൈത്ത് സിറ്റി: ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദയിൽ ഖത്തറിനു പിന്നാലെ പരസ്യ പ്രതിഷേധവുമായി കുവൈത്തും. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി. വിവാദ പരാമർശങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ അംബാസഡർ സിബി ജോർജിനെയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. ഏഷ്യൻകാര്യ ഉപവിദേശകാര്യ മന്ത്രിയാണ് ഇന്ത്യൻ അംബാസഡറോട് കുവൈത്തിന്റെ പ്രതിഷേധം അറിയിച്ചത്. ഇത്തരം വിദ്വേഷ പ്രസ്താവനകൾ തടസമോ ശിക്ഷയോ കൂടാതെ തുടരുന്നത് തീവ്രചിന്തകൾക്ക് വളംവയ്ക്കുമെന്ന് അംബാസഡർക്ക് കൈമാറിയ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതിൽ ഇസ്‌ലാം വഹിച്ച പങ്ക് വലുതാണ്. ഇസ്‌ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെക്കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയയാളെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതാർഹമാണെന്നും കുറിപ്പിൽ പറഞ്ഞു. വിഷയത്തിൽ കുറ്റവാളികൾ പരസ്യമായി മാപ്പുപറയണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

നേരത്തെ, ദോഹയിലെ ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയവും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ അൽമുറൈഖിയാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. സംഭവത്തിൽ ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പുപറയുകയും വിവാദ പരാമർശങ്ങളെ അപലപിച്ചുകൊണ്ട് അടിയന്തരമായി പ്രസ്താവന പുറത്തിറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കുറിപ്പിൽ ഖത്തർ സൂചിപ്പിച്ചിട്ടുണ്ട്.

സമാധാനദൂതനായി വന്ന പ്രവാചകൻ മുഹമ്മദ് നബിയെ ലോകത്ത് രണ്ട് ബില്യനിലേറെ വരുന്ന മുസ്ലിംകൾ പിന്തുടരുന്നുണ്ട്. ലോകത്തെങ്ങുമുള്ള മുസ്ലിംകൾ അനുകരിക്കുന്ന വെളിച്ചമായി കൂടിയാണ് അദ്ദേഹത്തെ കരുതുന്നത്. ഇസ്ലാമിക വിരുദ്ധ പരാമർശങ്ങൾ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് വലിയ ഭീഷണിയാണുയർത്തുന്നത്. വിദ്വേഷങ്ങളിലേക്കും അക്രമപരമ്പരകളിലേക്കും നയിക്കാനിടയുള്ള കൂടുതൽ മുൻവിധിക്കും അരികുവൽക്കരണത്തിനും ഇത് ഇടയാക്കുകയും ചെയ്യും-പ്രതിഷേധക്കുറിപ്പിൽ പറയുന്നു.

ബി.ജെ.പി പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയതിനു പിന്നാലെ മാപ്പുപറഞ്ഞ് നുപൂർ ശർമ രംഗത്തെത്തിയിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ പരാമർശം പിൻവലിക്കുമെന്നുമാണ് ട്വിറ്ററിലൂടെ നുപൂർ പ്രതികരിച്ചത്. ബി.ജെ.പി ഡൽഹി മീഡിയ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയിട്ടുണ്ട്.

Summary: After Qatar, Kuwait protests remarks against Prophet Mohammad by former BJP leader Nupur Sharma

TAGS :

Next Story