ടിക്കറ്റ് റീഫണ്ട് വൈകുന്നോ? വിമാനയാത്രക്കാരുടെ പരാതികൾ ഇനി സഹ്ൽ ആപ്പിലൂടെ അറിയിക്കാം
പുതിയ സംവിധാനം ഒരുക്കി ഏവിയേഷൻ അതോറിറ്റി

കുവൈത്ത് സിറ്റി: വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനുമായി സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കി. കുവൈത്തിലെ ഏകീകൃത സർക്കാർ സേവന ആപ്പായ സഹ്ൽ വഴി ഇനി മുതൽ യാത്രക്കാർക്ക് തങ്ങളുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നേരിട്ട് സമർപ്പിക്കാം. പ്രധാനമായും വിമാന ടിക്കറ്റ് റദ്ദാക്കിയതിലൂടെ ലഭിക്കേണ്ട തുക വൈകുന്നതും മറ്റ് സാമ്പത്തിക നഷ്ടങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ റിപ്പോർട്ട് ചെയ്യാനാകും. കൂടാതെ വിമാനം വൈകുക, അറിയിപ്പില്ലാതെ വിമാനം റദ്ദാക്കുക, ലഗേജുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുക, ബുക്കിങ് ക്ലാസുകളിൽ മാറ്റം വരുത്തുക തുടങ്ങിയ വിഷയങ്ങളിലും ഇനി വേഗത്തിൽ പരാതി നൽകാം. യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും സുതാര്യമായ രീതിയിൽ പരാതികൾ കൈകാര്യം ചെയ്യുന്നതിനുമാണ് അധികൃതർ മുൻഗണന നൽകുന്നത്.
വിമാന യാത്രക്കിടയിലുണ്ടാകുന്ന അപകടങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ, വിമാനം പറന്നുയർന്ന ശേഷം അടിയന്തരമായി തിരിച്ചിറക്കേണ്ടി വരുന്ന സാഹചര്യം എന്നിവയെക്കുറിച്ചും സഹ്ൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. പരാതികൾ സമർപ്പിക്കുന്നത് ലളിതമാക്കിയതോടെ വ്യോമയാന മേഖലയിലെ സേവന നിലവാരം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാതികളിന്മേൽ വേഗത്തിലുള്ള നടപടികൾ ഉറപ്പാക്കുന്നതിലൂടെ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Adjust Story Font
16

