കുവൈത്തിൽ താമസ നിയമങ്ങളിൽ ഇളവ്; അഞ്ച് സാഹചര്യങ്ങളിൽ സന്ദർശന വിസ റെസിഡൻസി വിസയാക്കാം
താമസ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് മാറ്റം

കുവൈത്ത് സിറ്റി: താമസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്. ഇതനുസരിച്ച് പ്രധാനപ്പെട്ട അഞ്ച് സാഹചര്യങ്ങളിൽ സന്ദർശന വിസ റെസിഡൻസി പെർമിറ്റ് ആക്കാം. താമസ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണിതെന്ന് അധികൃതർ വിശദീകരിച്ചു. നിയമപരമായ താമസം സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ കുടിയേറ്റ നയങ്ങൾ പാലിക്കുന്നതിനാണ് ഈ നടപടി.
ഗവൺമെന്റ് ക്ഷണപ്രകാരം മന്ത്രാലയങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യാൻ എത്തുന്നവർക്ക് ഇത്തരത്തിൽ വിസ മാറ്റാം. യൂണിവേഴ്സിറ്റി ബിരുദമോ സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണമെന്ന് മാത്രം. റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ അനുമതിയും ഇവർക്ക് ആവശ്യമാണ്. ഗാർഹിക ജോലി ഉദ്ദേശിച്ച് എത്തുന്നവർക്കും സന്ദർശന വിസ താമസ അനുമതിയാക്കാൻ കഴിയും.
കുടുംബാംഗങ്ങളെ കാണാനോ ടൂറിസം ആവശ്യത്തിനോ എത്തുന്ന കുവൈത്തിൽ നിയമാനുസൃതം താമസിക്കുന്ന കുടുംബാംഗങ്ങളുള്ളവർക്ക് റെസിഡൻസി അനുമതി ലഭിക്കും. വർക്ക് എൻട്രി വിസയിൽ കുവൈത്തിൽ എത്തി താമസ നടപടികൾ ആരംഭിച്ച ശേഷം ഒരു മാസത്തിൽ കവിയാതെ താത്കാലികമായി രാജ്യം വിട്ടവർ തിരിച്ചെത്തിയാൽ അവർക്കും വിസ മാറ്റാം.
റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ വിവേചനാധികാരപ്രകാരം കൂടുതൽ കേസുകൾ പരിഗണിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിദേശികളുടെ താമസ നടപടികൾ ലളിതമാക്കുകയും, തൊഴിൽ – സാമൂഹിക മേഖലകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യുന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. രാജ്യത്തിലെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കാനും വിദേശികളുടെ താമസ നടപടികൾ ഏകീകരിക്കാനും പുതിയ നിയമം സഹായിക്കുമെന്ന് അധികൃതർ പറയുന്നു
കുവൈത്തിലെ വിദേശികളുടെ താമസനിയമം പൂർണമായും പുതുക്കുന്ന 2025 ലെ മന്ത്രിതല പ്രമേയം ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. പുതിയ താമസ – വിസ ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രാബല്യത്തിൽ വരിക. രാജ്യത്ത് അനുവദിക്കുന്ന എല്ലാ വിസകളുടെയും നിർവചനവും നിബന്ധനകളും പുതുക്കി നിർവചിച്ചിരിക്കുന്നത് പുതിയ നിയമത്തിന്റെ പ്രധാന ഭാഗമാണ്.
ഗാർഹിക മേഖലയും, പൊതു–സ്വകാര്യ മേഖലകളിലെ താമസ ചട്ടങ്ങളും പുതുക്കിയിട്ടുണ്ട്. ജനന രജിസ്ട്രേഷൻ, താൽക്കാലിക റെസിഡൻസ്, വിസ പുതുക്കൽ തുടങ്ങിയ നടപടികളും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവൻ താമസ- റെസിഡൻസി സംവിധാനത്തെയും നേരിട്ട് ബാധിക്കുന്ന വലിയ നിയമപരിഷ്‌ക്കാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16

