സ്ക്രാപ്പ് കയറ്റുമതിക്ക് കുവൈത്ത് ഏർപ്പെടുത്തിയ വിലക്ക് ആറുമാസത്തേക്ക് കൂടി നീട്ടി
റഷ്യ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോഹങ്ങൾക്ക് വില വർധിക്കുന്നുണ്ട്

കുവൈത്ത് സിറ്റി: സ്ക്രാപ്പ് കയറ്റുമതിക്ക് വാണിജ്യ വ്യവസായ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ആറുമാസത്തേക്ക് കൂടി നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ശരീആൻ ആണ് ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി വിലക്ക് ആറുമാസത്തേക്ക് കൂടി നീട്ടിക്കൊണ്ടു ഉത്തരവ് ഇറക്കിയത്. കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത സ്ക്രാപ്പിന്‍റെ പുനർ കയറ്റുമതിക്കും നിയന്ത്രണം ബാധകമാണ്. റഷ്യ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോഹങ്ങൾക്ക് വില വർധിക്കുന്നുണ്ട്. സർക്കാറിന്‍റെയും സ്വകാര്യ പദ്ധതികളുടെയും ആവശ്യകത നിറവേറ്റുന്ന തരത്തിൽ ഇരുമ്പിന്‍റെ ലഭ്യത ഉറപ്പാക്കാനും വില പിടിച്ചുനിർത്തുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അതിനിടെ ഗുനിയയിൽ നിന്നുള്ള പൗൾട്രി ഉല്‍പ്പന്നങ്ങൾക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ശിപാർശ. ഗുനിയയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പാകം ചെയ്യാത്ത പൗൾട്രി ഉല്‍പ്പന്നങ്ങൾ വിലക്കണമെന്ന് അതോറിറ്റി നിർദേശം നൽകിയത്. റിഫ്റ്റ് വാലി ഫീവർ പൊട്ടിപ്പുറപ്പെട്ട ബുറുണ്ടിയിൽ നിന്ന് കന്നുകാലികളും മാട്ടിറച്ചിയും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തണമെന്നും ശിപാര്‍ശ നൽകിയതായി അതോറിറ്റി സെക്രട്ടറി ജനറൽ ആദിൽ അൽ സ്വൈത്ത് പറഞ്ഞു . അമേരിക്കയിലെ കെന്‍റുക്കിയിൽ നിന്നുള്ള ചിക്കൻ ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന വിലക്ക് പക്ഷിപ്പനി നിയന്ത്രണ വിധേയമായതിനെ തുടർന്നു പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.
Adjust Story Font
16
