കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായും മറ്റും അടഞ്ഞ സ്ഥലങ്ങളിൽ ഒത്തുചേരുമ്പോൾ പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കുവൈത്ത് സിറ്റി: കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്. പെരുന്നാൾ ഒത്തുചേരലുകളിൽ പ്രായമായവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രതയോടെ പങ്കെടുക്കണമെന്നും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായും മറ്റും അടഞ്ഞ സ്ഥലങ്ങളിൽ ഒത്തുചേരുമ്പോൾ പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മാസ്‌ക് ശീലമാക്കുന്നത് രോഗവ്യാപനം കുറയാൻ സഹായിക്കും. എന്നാൽ നിയമംമൂലം നിർബന്ധക്കാൻ തൽക്കാലം ആലോചനയില്ലെന്നും ഡോ. ഖാലിദ് അൽ സയീദ് വ്യക്തമാക്കി. നിലവിൽ കുവൈത്തിലെ ആരോഗ്യ സാഹചര്യം നിയന്ത്രണ വിധേയമാണ്. ആഗോള, പ്രാദേശിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോവിഡിനെ നേരിടുന്നതിൽ കഴിഞ്ഞ വർഷം ലഭിച്ച അനുഭവസമ്പത്ത് മുതൽക്കൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കേസുകളിൽ ഗണ്യമായ വർധന പ്രകടമായതിനെ തുടർന്ന് ഖത്തർ ഉൾപ്പെടെ ചില രാജ്യങ്ങൾ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും ഒഴിവാക്കി പൂർണമായും സാധാരണ ജീവിതത്തിലേക്കു മടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. എന്നാൽ ചെറിയ ഒരു ഇടവേളക്കു ശേഷം വീണ്ടും കേസുകൾ കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗബാധിതരിൽ ഭൂരിഭാഗത്തിനും ഗുരുതരാവസ്ഥയില്ലെന്നതും, മാറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതും ആശ്വാസമാണ്.
Adjust Story Font
16

