കുവൈത്തിൽ നിന്ന് ഗാർഹികത്തൊഴിലാളികൾ കൊഴിഞ്ഞുപോകുന്നു; ശമ്പളം വർധിപ്പിക്കാൻ ശിപാർശ
കൊഴിഞ്ഞു പോയ മൊത്തം ഗാർഹികജോലിക്കാരുടെ 53 ശതമാനവും ഇന്ത്യക്കാരാണ്.

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കെന്ന് റിപ്പോർട്ട്. 40,000 ഇന്ത്യൻ തൊഴിലാളികളാണ് ഗാർഹികജോലി മതിയാക്കിയത്. രാജ്യത്തെ ഗാർഹികത്തൊഴിലാളികളുടെ എണ്ണത്തിൽ 75,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായും താമസകാര്യ വകുപ്പിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
2020 ഡിസംബറിൽ 6,68,600 ഗാർഹികത്തൊഴിലാളികളാണ് കുവൈത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 42,360 വനിതകളും 32,600 പുരുഷന്മാരും പ്രവാസം അവസാനിപ്പിച്ചു തിരിച്ചുപോയി. ഇതോടെ ഗാർഹികമേഖലയിൽ കഴിഞ്ഞ വർഷം 75,000 പേരുടെ കുറവുണ്ടായി . ഇതിൽ 39,710 പേർ ഇന്ത്യക്കാരാണ്. കൊഴിഞ്ഞു പോയ മൊത്തം ഗാർഹികജോലിക്കാരുടെ 53 ശതമാനവും ഇന്ത്യക്കാരാണ്. 2020 ഡിസംബറിൽ കുവൈത്തിൽ 3,19,300 ഇന്ത്യൻ ഗാർഹികത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 2021 അവസാനമായപ്പോൾ ഇത് 2,79,590 ആയി കുറഞ്ഞു. 7,100 ഫിലിപ്പൈൻസുകാരും 4,580 ബംഗ്ലാദേശികളും ഈ കാലയളവിൽ ഗാർഹികമേഖലയിൽ നിന്ന് തിരിച്ചു പോയി. കോവിഡ് പ്രതിസന്ധി കാലത്താണ് കൂടുതൽ പേർ പ്രവാസം മതിയാക്കി മടങ്ങിയത്.
നിലവിൽ കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷമാക്കാൻ അടിസ്ഥാന ശമ്പളം ഉയർത്തണമെന്നാണ് മാൻപവർ അതോറിറ്റിയുടെ നിലപാട്. നിലവിൽ 60 ദീനാർ ആണ് മിനിമം വേതനം. ഇത് 75 ദീനാർ എങ്കിലും ആയി ഉയർത്തണമെന്ന് മാൻ പവർ അതോറിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.
Adjust Story Font
16

