വേനൽചൂടിൽ കുവൈത്ത്; ഗവ. ഓഫീസുകളുടെ പ്രവൃത്തിസമയം 6 മണിക്കൂറായി കുറച്ചു
ജൂൺ 1- ആഗസ്റ്റ് 31വരെ പുതിയ സമയക്രമം പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: കടുത്ത വേനൽക്കാലത്ത് ജീവനക്കാർക്ക് ആശ്വാസമേകി രാജ്യത്തെ ഗവൺമെന്റ് ഓഫീസുകളുടെ ഔദ്യോഗിക പ്രവൃത്തിസമയം 6 മണിക്കൂറായി കുറച്ച് കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ (CSB). മെയ് 14-ന് ചേർന്ന സിവിൽ സർവീസ് കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് പുതിയ ആനുകൂല്യം ലഭിക്കുക. നിലവിൽ മോർണിങ് ഷെഡ്യൂളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനങ്ങളിലെ പ്രവൃത്തിസമയമാണ് ഒരു മണിക്കൂർ വീതം കുറച്ചിരിക്കുന്നത്.
ഫ്ലെക്സിബിൾ പ്രവൃത്തിസമയം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാവിലെ 7:00 മണിക്കും 8:00 മണിക്കും ഇടയിൽ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. അവർ എത്തുന്ന സമയം മുതൽ ആറ് മണിക്കൂർ ജോലി പൂർത്തിയാക്കിയാൽ മതിയാകും. നിലവിലുള്ള നിയമപ്രകാരം പ്രവർത്തിക്കുന്ന ഷിഫ്റ്റ് സംവിധാനങ്ങളെ പുതിയ മാറ്റം ബാധിക്കില്ല. എന്നാൽ ചില പ്രത്യേക നിയമങ്ങളാൽ നേരത്തെ തന്നെ പ്രവൃത്തിസമയം കുറച്ചിട്ടുള്ള ജീവനക്കാരുടെ സമയം പ്രതിദിനം നാല് മണിക്കൂറായി വീണ്ടും കുറയ്ക്കും.
വൈകുന്നേര ഷിഫ്റ്റ് അഞ്ചു മണിക്ക് ശേഷമാകും ആരംഭിക്കുക. ഈ ജീവനക്കാർക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. ഷിഫ്റ്റിന്റെ അവസാനം വനിതാ ജീവനക്കാർക്ക് 15 മിനിറ്റ് ഗ്രേസ് പിരീഡിന്റെ ആനുകൂല്യവും ലഭിക്കും. ഈ ദിവസങ്ങളിൽ പുറം തൊഴിലുകൾക്കും രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ നിയന്ത്രണം ഉണ്ട്. ആഗസ്റ്റ് 31-ന് ശേഷം ഈ താൽക്കാലിക വേനൽക്കാല സമയക്രമം അവസാനിക്കുകയും, സെപ്റ്റംബർ ഒന്നു മുതൽ പഴയ പ്രവൃത്തിസമയത്തിലേക്ക് ഓഫീസുകൾ മടങ്ങുകയും ചെയ്യുമെന്ന് സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി.
Adjust Story Font
16

