Quantcast

കുവൈത്ത്​-പാകിസ്താൻ പ്രതിരോധ കരാറിന്​ അംഗീകാരം; കാലാവധി 5 വർഷത്തേക്ക്...

2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ്​ പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്

MediaOne Logo

Web Desk

  • Published:

    27 July 2026 11:48 AM IST

കുവൈത്ത്​-പാകിസ്താൻ പ്രതിരോധ കരാറിന്​ അംഗീകാരം; കാലാവധി 5 വർഷത്തേക്ക്...
X

കുവൈത്ത് സിറ്റി: പാകിസ്താനുമായുള്ള ​​പ്രതിരോധ സഹകരണ കരാറിന്​ കു​വൈത്തിന്‍റെ ഔദ്യോഗിക അംഗീകാരം. 2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ്​ പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്​. കരാറിന്‍റെ വിശദാംശങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സൈനിക ബന്ധം ശക്തിപ്പെടുത്തുകയാണ്​ കരാറിന്‍റെ ലക്ഷ്യം. സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, വൈദഗ്ധ്യം കൈമാറൽ, എന്നിവയും കരാറിന്‍റെ ഭാഗമാണ്​. കരാറിലെ വ്യവസ്ഥകൾ നടപ്പാകു​ന്നുണ്ടോയെന്ന്​ പരിശോധിക്കാൻ സംയുക്ത സൈനിക സമിതിയുമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ്​ കരാർ പ്രാബല്യത്തിൽ വരുന്നത്​.

പ്രതിരോധ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യ​ത്തോടെ അടുത്തിടെ ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ്​ കരാറിന്​ അംഗീകാരം നൽകിയത്​. മേഖലയിലെ സംഘർഷാന്തരീക്ഷം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്​ട്ര തലത്തിൽ സുരക്ഷാ പങ്കാളിത്തം വർധിപ്പിക്കലും കരാറിന്‍റെ ലക്ഷ്യമാണ്​. അഞ്ച്​ വർഷത്തേക്കാണ്​ കരാർ ഒപ്പുവെച്ചത്​. ഇരുരാജ്യങ്ങൾക്കും എതിർപ്പില്ലെങ്കിൽ കരാർ സ്വാഭാവികമായും പുതുക്കപ്പെടും.

അതിനിടെ, കുവൈത്ത്​ സൈനിക മേധാവി ലെഫ്​. ജനറൽ ഖാലിദ്​ അൽ ഷുർജാൻ ജിസിസി ഏകീകൃത സൈനിക കമാൻഡ് മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് അൽ-ബലാവിയുമായും പെനിൻസുല ഷീൽഡ് ഫോഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ-റുവൈസുമായും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. മേഖലയിലെ വിഷയങ്ങളും ജിസിസി സായുധ സേനകൾ തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും അവലോകനം ചെയ്തതായി കുവൈത്ത്​ കരസേനാ ജനറൽ സ്റ്റാഫ് അറിയിച്ചു.

TAGS :

Next Story