കുവൈത്തില്‍ കനത്ത മൂടൽ മഞ്ഞ് തുടരുന്നു
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി

കുവൈത്തില്‍ കനത്ത മൂടൽ മഞ്ഞും അസ്ഥിരമായ കാലാവസ്ഥയും തുടരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തിങ്കളാഴ്ച പുലർച്ചെ വരെ രാത്രിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിതമായ ഈർപ്പമുള്ള കാറ്റിനൊപ്പം കനത്ത മഞ്ഞും രാജ്യത്തെ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു.
രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെയും കപ്പൽ നീക്കത്തേയും സാരമായി ബാധിച്ചു. ശുവൈഖ്, ശുഐബ തുറമുഖങ്ങളിൽ നിന്നുള്ള കപ്പൽ നീക്കം ഞായറാഴ്ച താൽക്കാലികമായി നിർത്തിവച്ചു. രാവിലെ എട്ടു മണി മുതൽ കപ്പലുകളുടെ നീക്കം നിർത്തിവച്ചതായി കുവൈത്തു തുറമുഖ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഉദ്യോഗസ്ഥരുടെയും ഹാർബറുകളിലെ സൗകര്യങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും തുറമുഖ അതോറിറ്റി വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെ ദൃശ്യപരത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.കടലില്‍ പോകുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രതയിലിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Adjust Story Font
16

