പ്രവാസികൾക്കുള്ള വ്യക്തിഗത വായ്പാ നിയമങ്ങൾ കർശനമാക്കി കുവൈത്ത് ബാങ്കുകൾ
വായ്പാ പരിധി കുറച്ചു

കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള വ്യക്തിഗത വായ്പാ നിയമങ്ങൾ കർശനമാക്കി കുവൈത്ത് ബാങ്കുകൾ. വ്യക്തിഗത വായ്പാ പരിധി കുറച്ചും സേവനാവസാന ആനുകൂല്യങ്ങളുമായി (ഇൻഡെംനിറ്റി) അവ ബന്ധിപ്പിച്ചുമാണ് നടപടി. കുവൈത്ത്‌വത്കരണത്തിനോ പിരിച്ചുവിടലിനോ ഏറ്റവും സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർക്ക് ധനസഹായം നൽകുന്നത് ചില ബാങ്കുകൾ നിർത്തിവച്ചിട്ടുണ്ട്.
അതേസമയം, വായ്പാ തുക സേവനാവസാന ആനുകൂല്യത്തേക്കാൾ കവിയാൻ പാടില്ലെന്ന് ചില ബാങ്കുകൾ വ്യവസ്ഥ ചെയ്യുന്നതായാണ് റിപ്പോർട്ട്. അതിനിടെ, ചില ബാങ്കുകൾ ധനസഹായം നൽകുന്നത് കുറച്ചിട്ടുണ്ട്. സ്ഥിരം ജോലികൾ, വലിയ കമ്പനികൾ, ഉയർന്ന ശമ്പളം എന്നിവ പരിഗണിച്ചാണ് പ്രവാസികൾക്ക് പല ബാങ്കുകളും ധനസഹായം നൽകുന്നത്. സ്വീകാര്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 500 ദിനാറായി ചില ബാങ്കുകൾ ഉയർത്തിയിട്ടുണ്ട്. നേരത്തെ ചില സ്ഥാപനങ്ങൾ 250 ദിനാർ അല്ലെങ്കിൽ 300 ദിനാർ മുതൽ ശമ്പളമുള്ളവർക്ക് ധനസഹായം നൽകിയിരുന്നു.
എന്നാൽ മെഡിക്കൽ, എഞ്ചിനീയറിങ്, വിദ്യാഭ്യാസം, എണ്ണ മേഖലയിലെ ജോലികൾ എന്നീ ജോലികളിലുള്ളവർക്ക് പ്രത്യേക പരിഗണന ലഭിച്ചേക്കും. ഇവയെ കുവൈത്‌വത്കരണ പദ്ധതികൾ ബാധിക്കില്ല. ഉയർന്ന സാമ്പത്തിക നിലയും ശക്തമായ ക്രെഡിറ്റ് റേറ്റിങ്ങും ഉള്ള ക്ലയന്റുകൾക്കും ലോണുകൾ ലഭിക്കും.
Adjust Story Font
16

