വീട്ടിൽ 30 വർഷം പണിയെടുത്ത ജോലിക്കാരിയെ ശ്രീലങ്കയിലെത്തി കണ്ട് കുവൈത്ത് പൗരൻ
കൊളംബോയിൽ ഒരു ആഴ്ച ഹോട്ടൽ റൂമെടുത്തി നൽകി ആദരം

കുവൈത്ത് സിറ്റി: 30 വർഷം തങ്ങൾക്ക് വേണ്ടി ജോലി ചെയ്ത വീട്ടുജോലിക്കാരിയെ ശ്രീലങ്കയിലെത്തി കണ്ട് കുവൈത്ത് പൗരനും കുടുംബവും. തനിക്ക് ആറ് വയസ്സുള്ളപ്പോൾ മുതൽ കുടുംബത്തിനായി ജോലി ചെയ്യാനെത്തുകയും തന്നെയും നിരവധി സഹോദരങ്ങളെയും വളർത്തുകയും ചെയ്ത ജോലിക്കാരിയെ തേടിയാണ് ഇദ്ദേഹമെത്തിയത്. ഇവർ തമ്മിൽ കണ്ടുമുട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
''ഞങ്ങളുടെ കുടുംബത്തിന്റെ പകുതിയെയും, ഞങ്ങളുടെ അയൽപക്കത്തുള്ള പകുതി കുട്ടികളെയും പോലും യഥാർത്ഥത്തിൽ പരിപാലിച്ചത് അവരാണ്'' വീഡിയോയിൽ കുവൈത്ത് പൗരൻ നർമത്തോടെ പറഞ്ഞു.
കുട്ടിക്കാലത്ത് അവരോട് പോക്കറ്റ് മണി ചോദിച്ചതും അയാൾ ഓർത്തു. ''ആദ്യം, അവർ ഇല്ലായെന്ന് പറയുമായിരുന്നു, എന്നാൽ ഞാൻ അസ്വസ്ഥനായി നടക്കുമ്പോൾ അവർ എന്നെ തിരികെ വിളിച്ച് പറയും: 'വന്ന് വാങ്ങിക്കോ'' അദ്ദേഹം പറഞ്ഞു.
നന്ദി സൂചകമായി, കൊളംബോയിൽ അവർക്കായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ഹോട്ടൽ താമസം തന്നെ അദ്ദേഹം ഒരുക്കി നൽകി, എന്നാൽ അവർ മൂന്ന് ദിവസം മാത്രം അവിടെ ചെലവഴിച്ച് പിന്നീട് വീട്ടിലേക്ക് പോയി. ഗൾഫ് ന്യൂസടക്കം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16

