കുവൈത്തിൽ 18 തികഞ്ഞ യുവാക്കൾക്ക് സൈനിക സേവനം നിർബന്ധം; പുതിയ നിയമ പരിഷ്‌കാരങ്ങൾ അറിയാം
കുടുംബത്തിലെ ഏക മകന് സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ 18 തികയുന്ന സ്വദേശി യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കി. സൈനിക സേവനം സംബന്ധിച്ച 2015ലെ 20ാം നമ്പർ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ നിയമപ്രകാരം (2026ലെ ഒമ്പതാം നമ്പർ ഡിക്രി) 18 വയസ്സ് പൂർത്തിയാകുന്ന എല്ലാ കുവൈത്തി പുരുഷന്മാരും നിർബന്ധമായും സൈനിക സേവനത്തിന്റെ ഭാഗമാകണം. 2012 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്കാണ് ഈ നിയമം ബാധകമാകുന്നത്. ഇതിന് മുൻപ് ജനിച്ചവർക്ക് സൈനിക സേവനത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, പ്രായപൂർത്തിയായ ശേഷം അപേക്ഷ നൽകാനുള്ള സമയം 60 ദിവസത്തിൽ നിന്നും 180 ദിവസമായി വർധിപ്പിക്കുകയും ചെയ്തു.
പുതിയ നിയമം അനുസരിച്ച് സൈനിക സേവനത്തിന് എത്തുന്ന ജീവനക്കാരുടെ ശമ്പളം, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ കുറവുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സേവന കാലയളവ് അവരുടെ ഔദ്യോഗിക ജോലി കാലയളവിന്റെ ഭാഗമായി തന്നെ കണക്കാക്കും. കുടുംബത്തിലെ ഒരേയൊരു മകന് സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. കുവൈത്ത് ആർമി, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ് എന്നീ നാല് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിലാകും ഇവർക്ക് നിയമനം ലഭിക്കുക. അതോടൊപ്പം കുവൈത്ത് ഫയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അതേ സേവന ഇളവുകൾ ഇനി മുതൽ കുവൈത്ത് ഓയിൽ കമ്പനിയിലെ ഫയർ ഫൈറ്റർമാർക്കും ലഭ്യമാകും.
Adjust Story Font
16

