യാത്രക്കൊരുങ്ങിയപ്പോൾ പണി കിട്ടിയോ? സഹ്ൽ ആപ്പ് വഴി പരാതി സമർപ്പിക്കാം...
മാർഗനിർദേശങ്ങളുമായി കുവൈത്ത് ഡിജിസിഎ

കുവൈത്ത് സിറ്റി: യാത്രക്കൊരുങ്ങിയപ്പോൾ പണി കിട്ടിയോ? ഇനി വിഷമിച്ചിരിക്കേണ്ട. കുവൈത്ത് ഗവൺമെന്റിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ 'സഹ്ൽ' ആപ്പ് വഴി യാത്രക്കാർക്ക് പരാതികൾ സമർപ്പിക്കാം. ഇതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ചിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.
നിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
- പരാതി സമർപ്പിക്കുന്നതിന് മുമ്പ് യാത്രക്കാർ ആദ്യം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അവരുടെ അവകാശങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ അവലോകനം ചെയ്യണം.
- കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും മാത്രമേ പരാതികൾ സമർപ്പിക്കാൻ അർഹതയുള്ളൂ.
- പരാതികൾ ആദ്യം സേവന ദാതാവിനോടാണ് (ടിക്കറ്റ് നൽകിയവർ) ഉന്നയിക്കേണ്ടതാണ്. അത് അനുവദനീയ സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിലാണ് സഹ്ൽ ആപ്പിൽ പരാതി നൽകാനാകുക.
- കുവൈത്തിൽ പ്രവർത്തിക്കുന്ന എയർലൈനുകൾ, ട്രാവൽ ഏജൻസികൾ, ഓൺലൈൻ യാത്രാ വെബ്സൈറ്റുകൾ/ആപ്പുകൾ എന്നിവക്കെതിരെ മാത്രമേ പരാതികൾ ഫയൽ ചെയ്യാൻ കഴിയൂ.
- പ്രശ്‌നം നേരിട്ട വ്യക്തിയോ അവരുടെ നിയമപരമായ പ്രതിനിധിയോ (ഗാർഡിയൻ, സ്‌പോൺസർ അല്ലെങ്കിൽ അംഗീകൃത പവർ ഓഫ് അറ്റോർണി) പരാതി സമർപ്പിക്കണം.
- പരാതി ഫയൽ ചെയ്യുമ്പോൾ എല്ലാ സഹായ രേഖകളും കമ്പനിയുമായുള്ള പ്രസക്തമായ കത്തിടപാടുകളും അറ്റാച്ചുചെയ്യണം.
ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നത് യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പരിഹരിക്കാനും സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Next Story
Adjust Story Font
16

