വ്യോമ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ ഏഴ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു
ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടു

കുവൈത്ത് സിറ്റി: വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് കുവൈത്തിൽ ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി മന്ത്രാലയം വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജവഹർ ഹയാത്ത് പറഞ്ഞു.
വൈദ്യുതി വിതരണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും അടിയന്തര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും എത്രയും വേഗം വൈദ്യുതി പുന:സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾ ശാന്തരായിരിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
അതേസമയം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പവർകട്ട് സംബന്ധമായ തെറ്റായ റിപ്പോർട്ടുകൾ മന്ത്രാലയം നിഷേധിച്ചു. വരും മണിക്കൂറുകളിൽ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന ലിസ്റ്റുകൾ കാലഹരണപ്പെട്ടതും 2024 ലെ വിവരങ്ങളുമാണെന്നും, നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് പരിശോധിക്കാനും ഔദ്യോഗിക ചാനലുകൾ മാത്രം ആശ്രയിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.
Adjust Story Font
16

