യുഎസ് - ഇറാൻ ചർച്ചകളിൽ പങ്കാളിയല്ലെന്ന് ഖത്തർ
ഇപ്പോൾ രാജ്യത്തിന്റെ സുരക്ഷയിലാണ് ശ്രദ്ധയെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം

ദോഹ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനും യുഎസിനുമിടയിൽ നടക്കുന്ന സംഭാഷണത്തിൽ തങ്ങൾ പങ്കാളികളല്ലെന്ന് ഖത്തർ. പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സുരക്ഷയിലാണ് ശ്രദ്ധയെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യുദ്ധവുമായി ബന്ധപ്പെട്ട് പ്രാദേശികവും അന്തർദേശീയവുമായ നിരവധി ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്നും എന്നാൽ യുഎസും ഇറാനും തമ്മിലുള്ള സംഭാഷണത്തിൽ തങ്ങളില്ലെന്നുമാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നത് തുടക്കം മുതൽ തന്നെയുള്ള ഖത്തറിന്റെ ആവശ്യമാണെന്ന് വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ വക്കുന്നത്. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത്. നല്ല അൽപക്ക ബന്ധമുള്ള രാഷ്ട്രമായിരുന്നു ഇറാൻ. അയൽ രാജ്യങ്ങളുമായി സഹവർത്തിത്വത്തോടെ ജീവിക്കാനുള്ള വഴി ഇറാൻ കണ്ടെത്തേണ്ടതുണ്ട്. മേഖലയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടി.
രാജ്യത്തിനെതിരെ നടന്ന 90 ശതമാനം ആക്രമണങ്ങളെയും പ്രതിരോധിച്ചതായി അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കുമോ എന്ന ചോദ്യത്തിന്, അതിന് അന്താരാഷ്ട്ര നിയമപ്രകാരമുള്ള അവകാശം ഖത്തറിനുണ്ടെന്നും എന്നാൽ സംഘർഷത്തേക്കാൾ പ്രാദേശിക സമാധാനത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
Adjust Story Font
16

