അടിമുടി മാറ്റവുമായി കുവൈത്തിൽ 'റോബ്‌ലോക്‌സ്' തിരികെയെത്തുന്നു
അധികാരികൾ ആവശ്യപ്പെട്ട സുരക്ഷാ ഉള്ളടക്കങ്ങൾ കമ്പനി നടപ്പാക്കിയതിനെ തുടർന്നാണ് തീരുമാനം

കുവൈത്ത് സിറ്റി: ലോകവ്യാപക നിരോധനം നേരിടുന്ന ജനപ്രിയ ഓൺലൈൻ ഗെയിം റോബ്‌ലോക്‌സിന്റെ നിരോധനം നീക്കി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (CITA). കുവൈത്ത് അധികാരികൾ ആവശ്യപ്പെട്ട സുരക്ഷാ ഉള്ളടക്കങ്ങൾ റോബ്‌ലോക്‌സ് മാതൃ കമ്പനി നടപ്പാക്കിയതിനെ തുടർന്നാണ് തീരുമാനം.
കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അനുചിതമായ ഇടപെടലുകളിലേക്കുള്ള എക്സ്പോഷറിനെക്കുറിച്ചും മുമ്പ് ആശങ്കകൾ ഉന്നയിച്ചിരുന്ന ഇൻ-ഗെയിം ചാറ്റ് ഫീച്ചർ പൂർണമായും പ്രവർത്തനരഹിതമാക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. കുവൈത്ത് ആവശ്യപ്പെട്ടതനുസരിച്ച് യുവ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അധിക സുരക്ഷാ നടപടികളും രക്ഷാകർതൃ സംരക്ഷണവും കമ്പനി അംഗീകരിച്ചു.
പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ ദോഷകരമായി ബാധിക്കാതിരിക്കാൻ എല്ലാ ഇന്റർനെറ്റ് ഗെയിമുകളിലും ആപ്ലിക്കേഷനുകളിലും അതോറിറ്റി നിരന്തരമായ മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട ഫീഡ്‌ബാക്കുകളും പരാതികളും CITA യുടെ ഔദ്യോഗിക ആപ്പ്, വെബ്‌സൈറ്റ് വഴി സമർപ്പിക്കാം.
കുവൈത്തിൽ ആഗസ്റ്റ് മുതലായിരുന്നു റോബ്‌ലോക്‌സിന് വിലക്കേർപ്പെടുത്തിയിരുന്നത്. അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അതേറിറ്റി നിരീക്ഷണം ശക്തമാക്കുമെന്ന് അറിയിച്ചു.
Adjust Story Font
16

