ബ്രസീലിലുള്ള രോഗിയിൽ റോബോട്ടിക് റിമോട്ട് ശസ്ത്രക്രിയ, ഗിന്നസ് റെക്കോഡുമായി കുവൈത്ത്
12,034 കിലോമീറ്ററിന്റെ റെക്കോർഡ് ദൂരത്തിൽ ബ്രസീലിൽ വെച്ച് നടത്തിയ റിമോട്ട് റോബോട്ടിക് ശസ്ത്രക്രിയയിലൂടെയാണ് നേട്ടം

കുവൈത്ത് സിറ്റി: ഏറ്റവും ദൂരെയുള്ള റോബോട്ടിക് റിമോട്ട് ശസ്ത്രക്രിയയിൽ ലോക റെക്കോർഡ് നേടി കുവൈത്ത്. ഒരു രോഗിയും സർജനും തമ്മിലുള്ള ഏറ്റവും വലിയ ദൂരം എന്ന വിഭാഗത്തിലാണ് രാജ്യത്തിന് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. 12,000 കിലോമീറ്ററിലധികം റെക്കോർഡ് ദൂരത്തിൽ ബ്രസീലിൽ വെച്ച് നടത്തിയ റിമോട്ട് റോബോട്ടിക് ശസ്ത്രക്രിയയിലൂടെയാണ് നേട്ടം. ജബർ അൽ അഹ്മദ് ആശുപത്രിയിലെ സർജിക്കൽ ടീമാണ് ഈ ബഹുമതി സ്വന്തമാക്കിയത്.
ടെലികോം കമ്പനിയായ സൈൻ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻ്റ് ഓഫ് സയൻസസ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവരമറിയിച്ചത്. സൈനിൻ്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. സമ്മേളനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക പ്രതിനിധി ആരോഗ്യമന്ത്രിക്കും സർജിക്കൽ ടീമിനും സൈനിനും കെഎഫ്എസിനും സർട്ടിഫിക്കറ്റുകൾ കൈമാറി. വലിയ മെഡിക്കൽ സാങ്കേതിക മുന്നേറ്റത്തിലൂടെ ഗിന്നസ് റെക്കോർഡിൽ ഇടംനേടി എന്ന് മാത്രമല്ല, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് ആഗോളതലത്തിൽ മുൻനിരയിലെത്താൻ കഴിയുമെന്ന സന്ദേശമാണിതെന്ന് ആരോഗ്യമന്ത്രി ഡോ അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി പറഞ്ഞു. കുവൈത്തിലെ ജബർ അൽ അഹ്മദ് ആശുപത്രിയിൽ നിന്നും ബ്രസീലിലെ ക്രൂസ് വെർമെൽഹൽ ആശുപത്രിയിൽ നിന്നും പ്രവർത്തിച്ച സർക്കിൽ ടീമുകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യത്തിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ഇന്ന് ആഘോഷിക്കുന്നമത് ഭൂഖണ്ഡങ്ങൾ താണ്ടി, ദൂരങ്ങളെ മറികടക്കുന്ന ഒരു ദേശീയ നേട്ടമാണ്. ദേശീയ മെഡിക്കൽ മികവിനൊപ്പം നൂതന കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രെക്ചറും സംയോജിപ്പിച്ചതാണ് നേട്ടത്തിലാൻ കാരണമായതെന്ന് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് ഡയറക്ടർ ജനറൽ ഡോ ഫർഹാൻ പ്രസ്താവിച്ചു.
Adjust Story Font
16

