Quantcast

വിസാ നിയമലംഘകർക്ക് അഭയം നൽകുന്നുണ്ടോ? നേരിടേണ്ടി വരിക ആറ് മാസം ജയിൽ അല്ലെങ്കിൽ 600 ദിനാർ പിഴ

റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി തീവ്ര പ്രചാരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ

MediaOne Logo

Web Desk

  • Published:

    11 Jun 2024 6:32 AM GMT

Expatriates living in illegal housing in Kuwait will be deported
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസാ നിയമലംഘകർക്ക് അഭയം നൽകുന്നുണ്ടോ? നേരിടേണ്ടി വരിക ആറ് മാസം ജയിൽ അല്ലെങ്കിൽ 600 കുവൈത്ത് ദിനാർ പിഴ. റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തീവ്ര പ്രചാരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് അറിയിച്ചിരിക്കുകയാണ്. രാജ്യം വ്യവസ്ഥ ചെയ്തിരിക്കുന്ന ഗ്രേസ് പിരീഡിനുള്ളിൽ രാജ്യം വിടുകയോ സ്റ്റാറ്റസ് പുതുക്കുകയോ ചെയ്യാത്തവരെയാണ് പിടികൂടുക.

താമസ നിയമ ലംഘകരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള മാർഗമാണ് ഗ്രേസ് പിരീഡെന്നും അൽ-അയൂബ് പറഞ്ഞു. നിയമലംഘകന് ആരെങ്കിലും അഭയം നൽകുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്താൽ വിദേശികളുടെ നിയമത്തിലെ ആർട്ടിക്കിൾ 12 പ്രകാരം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആറ് മാസം തടവ് അല്ലെങ്കിൽ പരമാവധി 600 കുവൈത്ത് ദിനാർ പിഴ എന്നിങ്ങനെയാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരികയും എന്നാൽ അവർ കുവൈത്തിൽ എത്തിയാൽ ജോലി നൽകാതിരിക്കുകയും ചെയ്യുന്ന വ്യാജ കമ്പനികളെ കണ്ടെത്താനുള്ള കാമ്പയിൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കമ്പനികളെ ബ്ലോക്ക് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്യും. പൗരന്മാർക്കും പ്രവാസികൾക്കുമായി മന്ത്രാലയം അടുത്തിടെ പുതിയ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്‌നം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ ഉന്നത സമിതി, പ്രവാസി തൊഴിലാളികളുടെ ഓരോ കമ്മ്യൂണിറ്റിക്കും ഒരു ക്വാട്ട നിശ്ചയിക്കുന്നത് പോലുള്ള ശിപാർശ ചെയ്യുന്ന പരിഹാരങ്ങൾ പഠിക്കാൻ നിരവധി മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും അറിയിച്ചു.

TAGS :

Next Story