മോഷ്ടിച്ച വാച്ച് വിൽക്കാനായില്ല; റെസ്റ്റോറന്റിൽ നിന്ന് മോഷ്ടിച്ച 13 ലക്ഷത്തിന്റെ റോളക്സ് വാച്ച് മാനേജർക്ക് തിരികെ നൽകി കള്ളൻ
വാറന്റി കാർഡ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ ഇല്ലാത്തതിനാൽ വില്പന നടത്താനുള്ള ശ്രമം പരാജയപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നുഖ്റയിൽ ഒരു റെസ്റ്റോറന്റിൽ നിന്ന് റോളക്സ് വാച്ച് മോഷ്ടിക്കുകയും വിൽക്കാൻ കഴിയാതെ വന്നതോടെ റെസ്റ്റോറന്റിൽ തന്നെ തിരിച്ചേൽപിക്കുകയും ചെയ്ത കള്ളൻ പിടിയിൽ. 4800 ദിനാർ വിലയുള്ള (13 ലക്ഷം രൂപ) റോളക്സ് വാച്ചാണ് മോഷ്ടാവ് വില്പന നടത്താൻ ശ്രമിച്ചത്. എന്നാൽ, വാറന്റി കാർഡ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ ഇല്ലാത്തതിനാൽ വില്പന നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് റെസ്റ്റോറന്റ് മാനേജർക്ക് വാച്ച് തിരികെ നൽകാൻ പ്രതി നിർബന്ധിതനായത്. വാച്ച് പൊലീസിൽ ഏൽപ്പിക്കാൻ മാനേജർ നിർദേശിക്കുകയും എന്നാൽ പണി കിട്ടുമെന്ന് മനസ്സിലാക്കിയ മോഷ്ടാവ് വാച്ച് റെസ്റ്റോറന്റിൽ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു.
നേരത്തെ വാച്ച് നഷ്ടപ്പെട്ടതായി ഉടമയുടെ പരാതി ലഭിച്ചതിനെ തുടർന്ന് നുഖ്റ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റെസ്റ്റോറന്റ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അധികൃതർ പ്രതിയെ തിരിച്ചറിയുകയും ബന്ധപ്പെടുകയും ചെയ്തു. ഇതോടെ ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
Adjust Story Font
16

