ആരോഗ്യ കേന്ദ്രങ്ങളിലെ നിയമലംഘനങ്ങൾ; കർശന നടപടികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19 മലയാളികള്‍ അടക്കമുള്ള അറുപതോളം ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് കർശന നടപടികളുമായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ച കുവൈത്ത് സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ 60 ആരോഗ്യ പ്രവര്‍ത്തകരെയാണ് സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ നിന്നും പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19 മലയാളികള്‍ അടക്കമുള്ള അറുപതോളം ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു..ഇതില്‍ മുപ്പത് പേര്‍ ഇന്ത്യക്കാരും മറ്റുള്ളവര്‍ ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് രാജ്യക്കാരുമാണ്.ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ചതില്‍ കൂടുതല്‍ ജീവനക്കാര്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.
അതോടൊപ്പം ഹെയർ ട്രാൻസ്പ്ലാൻറേഷന്‍ ഓപ്പറേഷൻ റൂമിനുള്ളിൽ ലൈസൻസില്ലാത്ത മെഡിക്കൽ ജീവനക്കാരെ കണ്ടെത്തിയാതായും അധികൃതര്‍ അറിയിച്ചു.നിയമലംഘനം നടത്തിയ തൊഴിലാളികളിൽ ഭൂരിഭാഗവും വീട്ടുജോലിക്കാരും കുടുംബ വിസയിലുള്ളവരുമാണ്. തുടര്‍ നടപടികള്‍ക്കായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഇവരെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാതായും സൂചനകളുണ്ട്.
അതിനിടെ ഒരു മാസം മുതല്‍ പ്രായമുള്ള നവജാത ശിശുക്കളുടെ അമ്മമാര്‍ അടക്കമുള്ള ഇന്ത്യക്കാര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരനും ,കുവൈത്തിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്സും ഇടപെടൽ നടത്തി വരികയാണ് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. പിടിക്കപ്പെട്ടവരില്‍ പലരും വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ നിയമലംഘനത്തിന്റെ പേരിൽ നിരവധി സ്വകാര്യ മെഡിക്കൽ സെന്ററുകളും, ഫാർമസികളും അടച്ചു പൂട്ടാൻ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

