Quantcast

ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചു; കുവൈത്തിൽ കെട്ടിട നിർമാണക്കമ്പനികൾക്ക് നോട്ടീസ്

മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൽ മസായിൽ പ്രദേശത്തു നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-06-08 18:40:54.0

Published:

8 Jun 2022 11:05 PM IST

ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചു; കുവൈത്തിൽ കെട്ടിട നിർമാണക്കമ്പനികൾക്ക് നോട്ടീസ്
X

കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച കെട്ടിട നിർമാണക്കമ്പനികൾക്ക് മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നോട്ടീസ് നൽകി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൽ മസായിൽ പ്രദേശത്തു നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

തൊഴിലാളികളുടെ സുരക്ഷയ്ക്കായി ജൂൺ ഒന്നു മുതൽ രാജ്യത്തു നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനാണ് മുന്നറിയിപ്പ്. മാൻ പവർ അതോറിറ്റിയുടെ നിരീക്ഷണ സംഘം നടത്തിയ പരിശോധനയിലാണ് മസായിൽ പ്രദേശത്തെ കൺസ്ട്രക്ഷൻ സൈറ്റുകളിൽ നിയമ ലംഘനം കണ്ടെത്തിയത്. പകൽ പതിനൊന്നിനും നാലിനും ഇടയിൽ പ്രൊജക്സ്റ്റ് സൈറ്റുകളിൽ മിന്നൽ പരിശോധന നടത്തിയ മാന്‍ പവർ അതോറിറ്റി സംഘം വിലക്ക് ലംഘിച്ചു ജോലി ചെയ്ത 50ഓളം തൊഴിലാളികളെ പിടികൂടി . ഇവരെ ജോലിക്കു നിയോഗിച്ച 14 കമ്പനികൾക്കാണ് വാർണിങ് നോട്ടീസ് നൽകിയത്.

നിയമലംഘനം ആവർത്തിച്ചാൽ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരിശോധക സംഘത്തിന് നേതൃത്വം നൽകിയ എൻജിനീയർ ഹുസ്സൈൻ അൽ ബനായി പറഞ്ഞു. ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന തോതിൽ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കുകയും ഫയൽ അടച്ചു പൂട്ടുകയുമാണ് ചെയ്യുക. തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും. അതേസമയം തൊഴിലാളികളെകൊണ്ട് നിർബന്ധിച്ചാണ് തൊഴിൽ എടുപ്പിക്കുന്നതെങ്കിൽ കമ്പനികൾക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story