കാർഡും ക്യുആർ കോഡും ഹിറ്റ്; ഒമാനിൽ ഇ-പേയ്‌മെന്റ് ഇടപാടുകളിൽ 150% വർധന
ക്യുആർ കോഡ് ഇടപാടുകൾ മൂന്നിരട്ടിയായി

മസ്‌കത്ത്: ഒമാന്റെ സാമ്പത്തിക മേഖലയിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വൻ മുന്നേറ്റം നടത്തുന്നു. കഴിഞ്ഞ വർഷത്തെ ണക്കുകൾ പ്രകാരം രാജ്യത്തെ ഇലക്ട്രോണിക് ഇടപാടുകളുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ൽ 6.7 കോടിയായിരുന്ന ഡിജിറ്റൽ ഇടപാടുകൾ വെറും ഒരു വർഷത്തിനുള്ളിൽ 16.8 കോടിയായി ഉയർന്നു. പ്രാദേശിക പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴി നടന്ന ഇടപാടുകളുടെ മൂല്യം ഏകദേശം 3.2 ബില്യൺ റിയാലിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 76.3 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ മാത്രം ഉണ്ടായത്.
വാണിജ്യ സ്ഥാപനങ്ങളിലെ പിഒഎസ് മെഷീനുകൾ വഴിയുള്ള ഇടപാടുകളിലും വലിയ പുരോഗതിയാണുണ്ടായത്. കഴിഞ്ഞ വർഷം 7.5 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് പി.ഒ.എസ് മെഷീനുകൾ വഴി നടന്നത്. ഇത് മുൻ വർഷത്തെക്കാൾ 33.2 ശതമാനം കൂടുതലാണ്. എന്നാൽ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതികവിദ്യയായി മാറിയത് ക്യു.ആർ കോഡ് പേയ്‌മെന്റുകളാണ്. ക്യു.ആർ കോഡ് വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ 133.5 ശതമാനം വർധനവുണ്ടായി. ഏകദേശം 8 മില്യൺ റിയാലാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ചെറുകിട കച്ചവടക്കാർ മുതൽ വൻകിട മാളുകൾ വരെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയതാണ് ഈ കുതിപ്പിന് പ്രധാന കാരണമായത്.
Adjust Story Font
16

