നിരത്ത് നിറഞ്ഞ്... ഒമാനിൽ രജിസ്റ്റർ ചെയ്തത് 18.65 ലക്ഷം വാഹനങ്ങൾ
2026 ഫെബ്രുവരി അവസാനത്തോടെയുള്ള കണക്ക്

മസ്‌കത്ത്: 2026 ഫെബ്രുവരി അവസാനത്തോടെ ഒമാനിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 18,65,499 ആയി. 2025 ലെ ഇതേ കാലയളവ് വരെ രജിസ്റ്റർ ചെയ്തത് 18,51,469 വാഹനങ്ങളായിരുന്നു. 5.5 ശതമാനമാണ് വർധന. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാ (എൻസിഎസ്ഐ)ണ് പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിനിൽ വിവരം പ്രസിദ്ധീകരിച്ചത്.
രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഏറ്റവും കൂടുതൽ സ്വകാര്യ വാഹനങ്ങളാണെന്നാണ് ഡാറ്റ കാണിക്കുന്നത്. ഇത് മൊത്തം വാഹനങ്ങളുടെ 79.2 ശതമാനമാണുള്ളത്. 14,77,368 വാഹനങ്ങളാണ് ഈ തരത്തിലുള്ളത്. വാണിജ്യ വാഹനങ്ങളാണ് തൊട്ടുപിന്നിൽ, 2,75,834 എണ്ണം. വാടക വാഹനങ്ങൾ 44,847 ഉം ടാക്‌സികൾ 28,691 ഉം ആണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,712 ആയിരുന്ന മോട്ടോർ സൈക്കിളുകൾ 8,914 ആയി വർധിച്ചു, 13.5 ശതമാനം വർധന. ഗവൺമെന്റ് വാഹനങ്ങൾ 11,780, രാഷ്ട്രീയ സ്ഥാപന വാഹനങ്ങൾ 958, ട്രാക്ടറുകൾ 1,234, ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾ 4,975, താത്കാലിക വാഹനങ്ങൾ 10,989 എന്നിങ്ങനെയാണ് ഇതര വാഹനങ്ങളുടെ എണ്ണം.
അതേസമയം, വാഹന നിറങ്ങളുടെ കാര്യം പരിശോധിച്ചാൽ വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് ഏറ്റവും കൂടുതൽ, 7,86,973. വെള്ളി നിറം (2,39,670 വാഹനങ്ങൾ), ചാരനിറം (1,95,654 വാഹനങ്ങൾ), നീല (1,03,437 വാഹനങ്ങൾ), കറുപ്പ് (1,00,798 വാഹനങ്ങൾ), ചുവപ്പ് (76,081 വാഹനങ്ങൾ,) പച്ച (38,659 വാഹനങ്ങൾ), മഞ്ഞ (37,789 വാഹനങ്ങൾ) എന്നിങ്ങനെയാണ് മറ്റു നിറങ്ങൾ.
എഞ്ചിൻ ശേഷിയുടെ അടിസ്ഥാനത്തിൽ വാഹനങ്ങളെ പരിശോധിച്ചാൽ 1500 നും 3000 സിസിക്കും ഇടയിൽ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളാണ് കൂടുതൽ. 10,15,734 എണ്ണമാണ് ഈ തരത്തിലുള്ളത്. 3000 നും 4500 സിസിക്കും ഇടയിൽ എഞ്ചിൻ ശേഷിയുള്ളത് 4,11,513 വാഹനങ്ങൾ, 4500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങൾ 2,30,634 എന്നിങ്ങനെയാണ് കണക്ക്.
Adjust Story Font
16

