2024 അറബ് മേഖലയിലെ ഏറ്റവും ചൂടൻ വർഷം: വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ
താപനില ആഗോള ശരാശരിയുടെ ഇരട്ടി

മസ്‌കത്ത്: 2024 അറബ് മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമാണെന്ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ. ആഗോള ശരാശരിയുടെ ഇരട്ടിയായാണ് താപനില ഉയർന്നത്. 2024ൽ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ 50°C കവിയുകയും ചെയ്തു. ഉഷ്ണതരംഗങ്ങൾ, വരൾച്ച, അതിശക്തമായ മഴ എന്നിവ വർധിക്കുകയും ചെയ്തു. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ ആദ്യ സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് ഇൻ ദി അറബ് റീജിയൻ 2024 റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
2024ലെ വാർഷിക ശരാശരി താപനില 1991 -2020 അടിസ്ഥാന നിരക്കിനേക്കാൾ 1.08°C കൂടുതലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി രാജ്യങ്ങളിലെ താപനില 50°C കടന്നത് മനുഷ്യന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
തുടർച്ചയായി ആറ് മഴക്കാലങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ പടിഞ്ഞാറൻ വടക്കേ ആഫ്രിക്കയിൽ, പ്രത്യേകിച്ച് മൊറോക്കോ, അൾജീരിയ, ടുണീഷ്യ എന്നിവിടങ്ങളിൽ വരൾച്ച രൂക്ഷമായി. അതേസമയം, സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ വിനാശകരമായ വെള്ളപ്പൊക്കവും അതിശക്തമായ മഴയും അനുഭവപ്പെട്ടു, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ഈ മാറ്റങ്ങൾ.
2024-ൽ മൊത്തത്തിൽ, 3.8 ദശലക്ഷം ആളുകളെയാണ് അതിശക്തമായ കാലാവസ്ഥ ബാധിച്ചത്. ഉഷ്ണതരംഗങ്ങളും വെള്ളപ്പൊക്കവും മൂലം 300-ലധികം പേർ മരിച്ചു.
Adjust Story Font
16

