സ്വകാര്യ മേഖലയിലെ 65% ഒമാനികൾക്കും ലഭിക്കുന്നത് 600 റിയാലിൽ താഴെ ശമ്പളം; പുതിയ കണക്കുകൾ പുറത്ത്
40 ശതമാനത്തോളം പേർക്ക് ലഭിക്കുന്നത് 325 മുതൽ 400 റിയാൽ വരെ

മസ്‌കത്ത്: സർക്കാർ-സ്വകാര്യ മേഖലകളിലെ ഒമാനി ജീവനക്കാരുടെ ശമ്പളത്തിൽ വലിയ അന്തരമെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒമാനികളിൽ ഭൂരിഭാഗത്തിനും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
സർക്കാർ മേഖലയിൽ 3,92,011 ഒമാനികളും സ്വകാര്യ മേഖലയിൽ 348,866 ഒമാനികളുമാണ് 2024ൽ തൊഴിലുറപ്പ് നേടിയവർ. ഈ സംഖ്യകൾ ഏതാണ്ട് തുല്യമാണെങ്കിലും, ശമ്പളത്തിന്റെ കാര്യത്തിൽ സ്ഥിതി നേർവിപരീതമാണ്. സ്വകാര്യ മേഖലയിലെ ഒമാനി ജീവനക്കാരിൽ 65 ശതമാനത്തിലധികം പേർക്കും പ്രതിമാസം 600 റിയാലിൽ താഴെയാണ് ശമ്പളം ലഭിക്കുന്നത്. അതേസമയം, സർക്കാർ മേഖലയിൽ ഈ ശമ്പള പരിധിയിലുള്ളവർ 12 ശതമാനത്തിൽ താഴെ മാത്രമാണ്.
ശമ്പളത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ അന്തരമുള്ളത് താഴ്ന്ന വരുമാനക്കാരുടെ വിഭാഗത്തിലാണ്. സ്വകാര്യ മേഖലയിലെ 40 ശതമാനത്തോളം ജീവനക്കാർക്ക് (138,632 പേർ) 325 റിയാലിനും 400 റിയാലിനും ഇടയിലാണ് ശമ്പളം ലഭിക്കുന്നത്. എന്നാൽ, സർക്കാർ മേഖലയിൽ ഈ വരുമാനമുള്ളവർ 1.3 ശതമാനം (5,077 പേർ) മാത്രമാണ്.
ഉയർന്ന വരുമാനക്കാരുടെ കാര്യത്തിൽ ഈ അസമത്വം നേർതിരിച്ചാണ്. പ്രതിമാസം 2500 റിയാലിൽ അധികം ശമ്പളം വാങ്ങുന്ന 16,172 ഒമാനികൾ സ്വകാര്യ മേഖലയിലുണ്ട്. സർക്കാർ മേഖലയിൽ ഈ വിഭാഗത്തിൽ 5,689 പേരാണുള്ളത്.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും വരുമാനത്തിലും വലിയ ലിംഗവിവേചനം നിലനിൽക്കുന്നുണ്ട്. ആകെ 7,40,877 ഒമാനി ജീവനക്കാരിൽ 215,671 പേർ മാത്രമാണ് സ്ത്രീകൾ. ഉയർന്ന ശമ്പളമുള്ള തസ്തികകളിൽ പുരുഷന്മാരാണ് കൂടുതലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നിർമ്മാണം, ഉൽപാദനം, മൊത്ത-ചില്ലറ വ്യാപാരം, കൃഷി, ഗതാഗതം, സംഭരണം തുടങ്ങിയ മേഖലകളിലാണ് സ്വകാര്യമേഖലയിലെ ഒമാനി പൗരന്മാരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. അതേസമയം, ഒമാനിലെ വിദേശ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നതും നിർമാണ മേഖലയിലാണ്.
Adjust Story Font
16

