വീണ്ടും സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
ആകെ റദ്ദാക്കിയത് മസ്‌കത്ത് വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന 14 വിമാനങ്ങൾ

മസ്‌കത്ത്: കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറിൽ വീണ്ടും സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയത്. ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുന്ന റദ്ദാക്കലുകൾ തിരുവനന്തപുരം, മദ്രാസ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ബാധിക്കും.
ഫെബ്രുവരി ഒമ്പതിന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്‌കത്തിൽ എത്തുന്ന വിമാനവും അന്നേ ദിവസം മസ്‌കത്തിൽനിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തും എത്തുന്ന വിമാനവുമാണ് റദ്ദാക്കിയത്.
ഫെബ്രുവരി 16മുതൽ മാർച്ചു 16വരെയുമുള്ള ഞായറാഴ്ചകളിലെ മസ്‌കത്ത്-തിരുവനന്തപുരം സർവീസുകളും ഒഴിവാക്കിയവയിൽ ഉൾപ്പെടും. ഫെബ്രുവരി ഒമ്പതിലെും 17ലുമുള്ള മസ്‌കത്ത്-മംഗലാപുരം, ഫെബ്രുവരി 11 മുതൽ മാർച്ച് 25 വരെയുള്ള തീയതികളിൽ മസ്‌കത്ത്-ചെന്നെ, ഫെബ്രുവരി 17 മുതൽ മാർച്ച് 17 വരെ മസ്‌കത്ത്-തിരിച്ചിറപ്പള്ളി, ഫെബ്രുവരി 24 മുതൽ മാർച്ച് 24 വരെ മസ്‌കത്ത്-മംഗലാപുരം റൂട്ടുകളിലുമാണ് സർവീസ് റദ്ദാക്കിയത്.
ഓഫ് സീസണായതിനാലാണ് സർവീസുകൾ വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് ട്രാവൽ മേഖലയിലുള്ളവരുടെ പക്ഷം. ഫെബ്രുവരിയിൽ മസ്‌കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നേരത്തെ കുറച്ചിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് അനുസരിച്ചു ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവിസുകളാണ് കുറച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസാണ് നിലച്ചിരിക്കുന്നത്.
Adjust Story Font
16

