മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ഈ മാസത്തെ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവീസുകളാണ് കുറച്ചത്

മസ്കത്ത്: മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ കാണുന്നതനുസരിച്ച് ബുധന്, വ്യാഴം ദിവസങ്ങളിലെ കോഴിക്കോട്ടേക്കുള്ള സർവീസാണ് നിലച്ചിരിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നുണ്ടായിരുന്നു. കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസുകൾ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാത്രമാണ് കാണിക്കുന്നത്. നേരത്തെ ആറ് സർവീസുണ്ടായിരുന്നു. 17 മുതൽ കൊച്ചിയിലേക്കും നാല് സർവീസുകൾ മാത്രമാണുള്ളത്.
കോഴിക്കോട്, കൊച്ചി, എന്നിവടങ്ങളിലേക്ക് ഒമാൻ എയർ, സലാം എയർ, ഇന്റിഗോ എന്നിവ സർവീസ് നടത്തുന്നതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കുറക്കുന്നത് യാത്രക്കാരെ വല്ലാതെ ബാധിക്കില്ല. എന്നാൽ കണ്ണൂർ സർവീസുകൾ കുറക്കുന്നത് മസ്കത്തിൽ നിന്ന് ഈ സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയാകും. നിലവിൽ എയർ ഇന്ത്യ മാത്രമാണ് ഇവിടേക്ക് സർവീസ് നടത്തുന്നത്. അതേസമയം, എത്ര അപാകതകൾ ഉണ്ടെങ്കിലും സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ്. മറ്റു വിമാനകമ്പനികളേക്കാൾ ടിക്കറ്റ് നിരക്ക് കുറവാണ് എന്നതാണ് കാരണം. കൂടുതൽ ലഗേജ് കൊണ്ടുപോകാനാവുന്നു എന്നതും സാധാരണക്കാർക്ക് സൗകര്യപ്രദമാണ്.
Adjust Story Font
16

