Quantcast

ഹഫീത് റെയിൽ; ട്രെയിൻ എൻജിനുകളുടെ നിർമാണത്തിന് കരാറായി

ഗ്ലോബൽ റെയിൽ എക്‌സസിബിഷനിലാണ് കരാർ ഒപ്പിട്ടത്

MediaOne Logo

Web Desk

  • Published:

    12 Oct 2024 11:04 PM IST

Construction of Hafeet Rail to UAE begins in Oman
X

മസ്‌കത്ത്: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു. ഭാരം കൂടിയ ചരക്കുകൾ കൊണ്ടുപോകാനാവുന്ന എൻജിനുകൾ നിർമിക്കുന്നതിനാണ് കരാർ. ഗ്ലോബൽ റെയിൽ എക്‌സസിബിഷൻ ആൻഡ് കോൺഫറൻസിലാണ് കരാർ ഒപ്പിട്ടത്.

പ്രദേശങ്ങളുടെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുമാണ് എൻജിനുകൾ രൂപകൽപന ചെയ്യുക. അബുദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്‌സസിബിഷൻ ആൻഡ് കോൺഫറൻസിന്റെ ഭാഗമായാണ് ഹഫീത് കമ്പനി അധികൃതർ കരാറിലെത്തിയത്. സംയുക്ത നെറ്റ്വർക്ക് പ്രോജക്ട് വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മാനേജ്‌മെന്റ്, എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി പ്രമുഖ ഫ്രഞ്ച് എൻജിനിയറിങ്, കസൽട്ടിങ് കമ്പനിയായ സിസ്ട്രയുമായും ധാരണയിലെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് റെയിൽ പദ്ധതിയുടെ നിർമാണങ്ങൾക്ക് കരുത്തു പകർന്ന് സാമ്പത്തിക കരാറുകളിലും അധികൃതർ ഒപ്പുവെച്ചിരുന്നു. 150 കോടി ഡോളറിന്റെ കരാറിലാണ് ഹഫീത് റെയിൽ അധികൃതർ ഒപ്പിട്ടത്.

യുഎഇയുടെയും ഒമാന്റെയും ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഹഫീത് റെയിൽ പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് തയാറാക്കിയ റെയിൽവേ ശൃംഖലയുടെ നിർമാണം ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ കൊണ്ടായിരിക്കും.

TAGS :

Next Story