ഒമാനിലെ ദൈമാനിയാത്ത് ദ്വീപിൽ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി തുടരുന്നു
600 മുതൽ 1000 വരെ പവിഴപുറ്റ് ശകലങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്

ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദൈമാനിയാത്ത് ദ്വീപിൽ സമുദ്ര പരിസ്ഥിതിയും ജൈവവൈവിധ്യവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി അതോറിറ്റി നടപ്പാക്കുന്ന പവിഴപ്പുറ്റ് വെച്ചുപിടിപ്പിക്കൽ പദ്ധതി വിജയകരമായി തുടരുന്നു. കാലാവസ്ഥാ വ്യതിയാനവും സമുദ്രത്തിലെ താപനില വർധനവും മൂലം ഭീഷണി നേരിടുന്ന അപൂർവ ഇനം പവിഴപ്പുറ്റുകളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഡയറക്ട് ഫിക്‌സേഷൻ എന്ന ശാസ്ത്രീയ രീതിയിലൂടെ, ആദ്യഘട്ടത്തിൽ 600 മുതൽ 1000 വരെയുള്ള പവിഴപ്പുറ്റ് ശകലങ്ങളാണ് കടലിന്റെ അടിത്തട്ടിൽ കൃത്രിമമായി വെച്ചുപിടിപ്പിക്കുന്നത്. പൂർണമായും ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, സമുദ്രത്തിലെ ഓക്‌സിജന്റെ അളവ്, അസിഡിറ്റി, താപനില എന്നിവ നിരന്തരമായി നിരീക്ഷിച്ചാണ് പരിശീലനം ലഭിച്ച ഡൈവർമാരുടെ നേതൃത്വത്തിൽ ഈ ദൗത്യം പുരോഗമിക്കുന്നത്.
സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ അക്കാദമിക് പങ്കാളിത്തത്തോടെയും ഒമാൻ എൽ.എൻ.ജി കമ്പനിയുടെ സാമ്പത്തിക പിന്തുണയോടെയുമാണ് അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. സമുദ്രത്തിലെ ഹരിതവനങ്ങളായ പവിഴപ്പുറ്റുകളുടെ വിസ്തൃതി വർധിക്കുന്നതോടെ ദിമാനിയാത്ത് ദ്വീപുകളിലെ മത്സ്യസമ്പത്ത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഹമൂർ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിന് ഏറെ സഹായകമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Adjust Story Font
16

