വിവിധ വിദേശകാര്യ മന്ത്രിമാരുമായി നിർണായക ചർച്ചകൾ; സമാധാനം പുനസ്ഥാപിക്കാൻ നയതന്ത്ര നീക്കം സജീവമാക്കി ഒമാൻ
ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഫോൺ സംഭാഷണം

മസ്കത്ത്: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കം സജീവമാക്കി ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി വിവിധ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായും വിദേശകാര്യ മന്ത്രിമാരുമായും ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിലെ പുരോഗതിയും നിലവിലെ പ്രാദേശിക വിഷയങ്ങളുമാണ് ചർച്ചയായത്. മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഫോൺ സംഭാഷണം.
സൗദി അറേബ്യ വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുലാത്തി എന്നിവരുമായി സയ്യിദ് ബദർ അൽ ബുസൈദി ചർച്ച നടത്തി. കൂടാതെ കാനഡ, നെതർലാൻഡ് ഉക്രൈൻ വിദേശകാര്യ മന്ത്രിമാരുമായും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായും സയ്യിദ് ബദർ ആശയവിനിമയം നടത്തി.
മേഖലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ മന്ത്രിമാർ വിലയിരുത്തി. യുഎസ് - ഇറാൻ ചർച്ചകളിൽ സുപ്രധാന തീരുമാനം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയും ആഗോള വിതരണ ശ്രംഖലയെയും സമുദ്ര ഗതാഗതം സുഗമമമായി നടക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു. സമാധാനം നിലനിർത്തുന്നതിനും സംഘർഷം ഇല്ലാതാക്കുന്നതിനും തുടർച്ചയായ നയതന്ത്ര ശ്രമങ്ങളും സംഭാഷണങ്ങളും അനിവാര്യമാണെന്നും എല്ലാവരും നിലപാട് വ്യക്തമാക്കി.
Adjust Story Font
16

