Quantcast

പുതിയ ഹോട്ടലുകൾ, കൂടുതൽ വിമാനങ്ങൾ, 8,000-ത്തിലധികം മുറികൾ; സഞ്ചാരികളെ വരവേറ്റ് ദോഫാർ

ഖരീഫ് സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 July 2025 3:50 PM IST

പുതിയ ഹോട്ടലുകൾ, കൂടുതൽ വിമാനങ്ങൾ, 8,000-ത്തിലധികം മുറികൾ; സഞ്ചാരികളെ വരവേറ്റ് ദോഫാർ
X

സലാല: രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വിനോദ സഞ്ചാരികളെത്തുന്ന ഖരീഫ് സീസണിനായി ഒരുങ്ങി ഒമാനിലെ ദോഫാർ ഗവർണറേറ്റ്. സലാലയിലെ പച്ചപ്പ് നിറഞ്ഞ പർവതങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ പാതകളും കുന്നുകളും സഞ്ചാരികളുടെ മനം കവരുകയാണ്. ഗൾഫിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പ്രദേശം മാറുകയാണ്.

ഈ കൊല്ലം വൻ ഒരുക്കങ്ങളാണ് സഞ്ചാരികളെ വരവേൽക്കാൻ സ്വീകരിക്കുന്നത്. ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വർധനവാണ് ഗവർണറേറ്റ് പ്രതീക്ഷിക്കുന്നത്. 2024ൽ 10,48,000 പേരാണ് പ്രദേശത്തെത്തിയത്.

ഈ വർഷത്തെ സീസണിനോട് അനുബന്ധിച്ച് പൈതൃക, ടൂറിസം മന്ത്രാലയം നിരവധി പുതിയ ടൂറിസം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ദോഫാർ പ്രൈവറ്റ് മ്യൂസിയം, മിർബാത്തിലെ 84 മുറികളുള്ള ത്രീ-സ്റ്റാർ ഹോട്ടൽ, സലാലയിലെ 216 മുറികളുള്ള ആഡംബര സർവീസ്ഡ് അപ്പാർട്ട്‌മെന്റ് സമുച്ചയം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇതോടെ ദോഫാറിൽ ഇപ്പോൾ ലൈസൻസുള്ള 100 ടൂറിസം സ്ഥാപനങ്ങളായിരിക്കുന്നു. വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ 8,000-ത്തിലധികം ഹോട്ടൽ മുറികൾ പ്രദേശത്തുണ്ട്.

ഖരീഫ് 2024 ലെ ഒക്യുപെൻസി നിരക്ക് 90 ശതമാനമായിരുന്നു, ഈ വർഷം ഇതിനകം തന്നെ ആവശ്യകതയിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അൽ ബലീദ് റിസോർട്ട്, ഹവാന സലാല, പ്ലാസ ഹോട്ടൽ തുടങ്ങിയ പ്രധാന റിസോർട്ടുകളും ഹോട്ടലുകളും ജിസിസി യാത്രക്കാരെ ലക്ഷ്യമിട്ട് എക്‌സ്‌ക്ലൂസീവ് പാക്കേജുകളും അന്താരാഷ്ട്ര കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

റിയാദ്, ജിദ്ദ, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽ നിന്ന് സലാല വിമാനത്താവളത്തിലേക്കുള്ള പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഫ്ളൈനാസ്, ഫ്‌ളൈഡീൽ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികളാണ് കണക്റ്റിവിറ്റി വർധിപ്പിച്ചത്. ഇത് സന്ദർശകരുടെ ഒഴുക്കിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ജൂലൈ പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള പീക്ക് യാത്രാ കാലയളവിൽ.

TAGS :

Next Story