ഒമാനിലും ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസി സമൂഹം
നിസ്‌വയിലെ ഖാബൂസ് മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്

മസ്‌കത്ത്:ഒമാനിലും ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസി സമൂഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മലയാളി സംഘടകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ നടന്നു. നിസ്‌വയിലെ ഖാബൂസ് മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകളിലും പള്ളികളിലേക്കുമായി പുലർച്ചെ തന്നെ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. ഖുതുബക്ക് ശേഷം പരസ്പരം ആലിഗനം ചെയ്തും സൗഹൃദം പുതുക്കിയാണ് ഓരോ പ്രവാസിയും വീടുകളിലേക്ക് മടങ്ങിയത്.
മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആമിറാത്ത് സഫ ഷോപ്പിങിൽ നടന്ന ഈദ്ഗാഹിന് സദറുദ്ദീൻ വാഴക്കാട് നേതൃത്വം നൽകി. ഗാല അൽ റൂസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് വി.പി. ഷൗക്കത്തലിയും സീബ് അൽശാദി ഗ്രൗണ്ടിൽ നൗഷാദ് അബ്ദുല്ലാഹും ബർക മറീനയിൽ അദ്‌നാൻ ഹുസൈനും നേതൃത്വം നൽകി.
ഒമാൻ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിൽ റൂവി കെ.എം. ട്രേഡിങിന് സമീപം സംഘടിപ്പിച്ച ഈദ് ഗാഹിൽ ഡോ. ജരീർ പാലത്താണ് നമസ്‌കാരത്തിന് നേതൃത്വം വഹിച്ചത്. റൂവി അൽ കറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ടിൽ അബ്ദുറഹിമാൻ സലഫിയും പ്രാർഥനക്ക് നേതൃത്വം നൽകി. റൂവി മസ്‌കത്ത് സുന്നി സെൻറർ മദ്‌റസ ഹാളിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് മുഹമ്മദലി ഫൈസി നടമ്മൽ പൊയിലും ബിദായ സൂഖ് മസ്ജിദിൽ സഈദ് അലി ദാരിമിയും ഖദറ നാസർ മസ്ജിദിൽ ഷബീർ ഫൈസിയും ഖുതുബ നിർവഹിച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലാണ് ബലിപെുരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തത്. രാജകുടുംബാംഗങ്ങൾ, അൽ ബുസൈദി കുടുംബം, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ തുടങ്ങി നിരവധി പേർ സുൽത്താന്റെ കൂടെ പ്രാർഥനയിൽ പങ്കാളികളായി.
Adjust Story Font
16

