ഓണദിനത്തിൽ ഫാസ് അക്കാദമി തനി നാടൻ ഓണാഘോഷം ഒരുക്കുന്നു
വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ അഞ്ചാം നമ്പറിലെ നാസർ ക്ലബ്ബിലെ ഫാസ് അക്കാദമി മൈതാനിയിലാണ് ഓണാഘോഷം

സലാല: ഓണദിനത്തിൽ ഫാസ് അക്കാദമി തനി നാടൻ ഓണാഘോഷം ഒരുക്കുന്നു. സെപ്തംബർ അഞ്ച് വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ അഞ്ചാം നമ്പറിലെ നാസർ ക്ലബ്ബിലെ ഫാസ് അക്കാദമി മൈതാനിയിൽ വിപുല ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണച്ചന്ത, ഓണലേലം, മെഗ തിരുവാതിര, ചെണ്ടമേളം തുടങ്ങിയ പരിപാടികളോടെ വിപുല ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായി ജംഷാദ് അലി പറഞ്ഞു. ഇതിനായി സാധനങ്ങൾ നാട്ടിൽ നിന്നെത്തിക്കൊണ്ടിരിക്കുകയാണ്.
ഉറിയടി, ചട്ടിയടി, റൊട്ടി കടി, ചാക്കിലോട്ടം തുടങ്ങി പതിനേഴിലധികം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മെഗ തിരുവാതിരയിൽ അമ്പതോളം പേർ ചുവടു വെയ്ക്കും. വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളുമായി ചേർന്നാണ് അക്കാദമി പരിപാടി സംഘടിപ്പിക്കുന്നത്. താര സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്യും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. മുഴുവൻ പ്രവാസികളെയും കുടുംബങ്ങളെയും വ്യത്യസ്തമായ ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയംഗങ്ങളായ അമീർ കല്ലാച്ചി, ഹാഷിം മുണ്ടേപ്പാടം, അനിൽകുമാർ, സുനിജ ഹാഷിം എന്നിവർ അറിയിച്ചു.
Adjust Story Font
16

