സുഹാർ വ്യാവസായിക മേഖലയിൽ തീപിടിത്തം
ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്, തീ നിയന്ത്രിച്ചെന്ന് സിഡിഎഎ

മസ്‌കത്ത്: ഒമാനിലെ സുഹാർ വ്യാവസായിക മേഖലയിൽ തീപിടിത്തം. മേഖലയിലെ ഒരു ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കില്ലെന്നും സിഡിഎഎ അധികൃതർ വ്യക്തമാക്കി. നോർത്ത് ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ)യിലെ അഗ്‌നിശമന സേനാംഗങ്ങളാണ് തീയണച്ചത്.
ഫാക്ടറിയിൽ തീപിടിത്തമുണ്ടായ വിവരം അതോറിറ്റിയുടെ ഓപ്പറേഷൻസ് സെന്ററിന് ഇന്നലെ രാത്രി വൈകിയാണ് ലഭിച്ചത്. തുടർന്ന് നോർത്ത് ബാത്തിന ഗവർണറേറ്റിലെ അതോറിറ്റി വകുപ്പിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും അത് പടരുന്നത് തടയുകയുമായിരുന്നു.
തീ അണയ്ക്കുന്നതിൽ തങ്ങളുടെ ടീം വിജയിച്ചുവെന്ന് സിഡിഎഎ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. ഇത്തരം തീപിടിത്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങളോടും കമ്പനികളോടും അധികൃതർ അഭ്യർത്ഥിച്ചു.
Adjust Story Font
16

