Quantcast

ഒമാനിൽ ആദ്യമായി ഉഗ്ര വിഷമുള്ള കരിമൂർഖനെ കണ്ടെത്തി

രാജ്യത്ത് കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം 22 ആയി ഉയർന്നു

MediaOne Logo

Web Desk

  • Published:

    19 April 2025 7:58 PM IST

First venomous Black cobra discovered in Oman
X

മസ്‌കത്ത്: ഒമാനിൽ ഉഗ്ര വിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ആദ്യമായാണ് രാജ്യത്ത് കരിമൂർഖനെ കണ്ടെത്തുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തിൽപെട്ട പാമ്പിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. സ്‌പെയിനിലെ ഇൻസ്റ്റ്യൂട്ട് ഓഫ് എവലൂഷനറി ബയോളജിയും നിസ്വ യൂനിവേഴ്‌സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിൽ നാഴിക കല്ലായി മാറാവുന്ന നേട്ടമുണ്ടാക്കിയത്.

വാട്ടറിനേഷിയ ഏജിപ്തിയ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരുഭൂമിയിൽ കാണുന്ന കരിമൂർഖനെ കണ്ടെത്തിയതോടെ ഒമാനിൽ കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 22 ആയി ഉയർന്നു. ഒമാന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും വന്യജീവി മേഖലയിലുള്ള ശാസ്ത്രീയ ഗവേഷണത്തിന്റെ വിജയവുമാണ് ഇത്.

കരിമൂർഖൻ- കറുത്ത മരുഭൂമി മുർഖൻ എന്നും അറിയപ്പെടുന്നുണ്ട്. ഇത് ഏറെ മാരകമായ വിഷമുള്ള പാമ്പുകളിലൊന്നായാണ് അറിയപ്പെടുന്നത്. ഈ വിഭാഗം പാമ്പുകൾ മിഡിൽ ഈസ്റ്റിൽ വ്യാപകമായി കണ്ട് വരുന്നുണ്ട്.

ശാസ്ത്രീയ ഗവേഷണ മേഖലയുടെ മികച്ച നേട്ടമായും ഈ കണ്ടെത്തൽ പരിഗണിക്കുന്നുണ്ട്. അന്താരാഷ്ട്ര ജേർണലായ 'സൂടാക്‌സ'യുടെ ഏപ്രിൽ ലക്കത്തിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാനിൽ താപനില കൂടുതലായതിനാൽ പൊതുവെ എല്ലാ വന്യ ജീവികളിലും വിഷാംശം കൂടുതലാണ്. പൊതുവെ വിഷമുള്ള എല്ലാ ജീവികളിലും വിഷത്തിന്റെ ശക്തി കൂടുതലാണ്. എന്നാൽ ഒമാനിൽ തീരെ അപകടകാരികളല്ലാത്ത പാമ്പുകളും പട്ടികയിലുണ്ട്.

പാമ്പുകളെ കണ്ടെത്തുന്നതും തരം തിരിക്കുന്നതും പാമ്പ് കടിയേറ്റാൽ നൽകുന്ന ചികിത്സക്ക് സഹായകമാവും. കടിച്ച പാമ്പുകളുടെ അതേ വിഭാഗത്തിൽപെടുന്ന പാമ്പുകളുടെ പ്രതിവിഷം നൽകിയാണ് കടിയേറ്റവരുടെ ജീവൻ രക്ഷപ്പെടുത്തുന്നത്. അതിനാൽ ഇത്തരം കണ്ടെത്തലുകൾ രാജ്യത്തിന്റെ പ്രകൃതി വൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം ജീവ സുരക്ഷക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.

TAGS :

Next Story