ഹോർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാൻ
മേഖലയിലെ വിദേശ കപ്പലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം

മസ്കത്ത്: ഹോർമുസ് കടലിടുക്കിൽ വെച്ച് കുവൈത്ത് പതാക വഹിച്ച എണ്ണ കപ്പലിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് കുടുങ്ങിയ അഞ്ച് ഇന്ത്യൻ പൗരന്മാരെ ഒമാൻ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി കരയിലെത്തിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 'എം.ടി കാസിമ III' എന്ന കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഒമാൻ സർക്കാറിന്റെ സമയബന്ധിതമായ പിന്തുണയ്ക്കും സഹായങ്ങൾക്കും എംബസി പ്രത്യേകം നന്ദി അറിയിച്ചു. രക്ഷപ്പെടുത്തിയ അഞ്ച് പേരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി എംബസി വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നതിനെ കുറിച്ചോ കപ്പലിനുണ്ടായ കേടുപാടുകളെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല.
ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കർശനമായി നിരീക്ഷിച്ചുവരികയാണ്. തന്ത്രപ്രധാനമായ ഈ മേഖലയിൽ 4,500- ലധികം ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇന്ത്യയിലേക്ക് ചരക്കുകളുമായി വരുന്ന ആറ് ഇന്ത്യൻ കപ്പലുകളിലും ആറ് വിദേശ കപ്പലുകളിലുമായി 163 ഇന്ത്യൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. കപ്പലുകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നതിനും അടിയന്തര സഹായങ്ങൾ ഉറപ്പാക്കുന്നതിനും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.
ഗൾഫ്, ചെങ്കടൽ, കരിങ്കടൽ മേഖലകളിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. മുമ്പ് നടന്ന ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UNGA) അഭിസംബോധന ചെയ്യവെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണക്കാരായ ജീവനക്കാരുടെ ജീവനും ഊർജ വിതരണത്തിനും ആഗോള വ്യാപാരത്തിനും സംരക്ഷണം നൽകാൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും, അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈബീരിയ ഉൾപ്പെടെ 23 പങ്കാളിത്ത രാജ്യങ്ങളുമായി ഇന്ത്യ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

