ജ്വല്ലറിയിൽനിന്ന് പട്ടാപ്പകൽ ഒന്നര ലക്ഷം റിയാലിന്റെ സ്വർണം കവർന്നു: മസ്‌കത്തിൽ നാല് ഏഷ്യക്കാർ അറസ്റ്റിൽ
പിടിയിലായത് ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി കവർച്ച നടത്തിയവർ

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലുള്ള സീബ് വിലായത്തിലെ ജ്വല്ലറിയിൽനിന്ന് പട്ടാപ്പകൽ ഒന്നര ലക്ഷം റിയാലിന്റെ സ്വർണം കവർന്ന നാല് ഏഷ്യക്കാർ അറസ്റ്റിൽ. ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി കവർച്ച നടത്തിയ പ്രതികളെ റോയൽ ഒമാൻ പൊലീസാ(ആർഒപി)ണ് പിടികൂടിയത്. മസ്‌കത്ത് -നോർത്ത് ബാത്തിന ഗവർണറേറ്റുകളിലെ പൊലീസ് കമാൻഡുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ചാണ് സ്വർണക്കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയും ചെയ്ത നാല് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്.
മോഷണത്തിന് ശേഷം കുറ്റവാളികൾ രക്ഷപ്പെടുകയായിരുന്നു. അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് സംഘത്തിന്റെ പിന്തുണയോടെ ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ സംഘം സ്ഥലത്തെ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു. മോഷ്ടിച്ച ലൈസൻസ് പ്ലേറ്റുള്ള വാഹനത്തിലാണ് പ്രതികൾ സഞ്ചരിക്കുന്നതെന്ന് സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.
വിരലടയാള തെളിവുകൾ സാങ്കേതിക വിശകലനം നടത്തി പ്രതികളിലൊരാളെ തിരിച്ചറിഞ്ഞു. തുടർന്ന് എല്ലാ കുറ്റവാളികളെയും പിടികൂടുകയും മോഷ്ടിച്ച എല്ലാ സ്വത്തുക്കളും തിരിച്ചുപിടിക്കുകയും ചെയ്തു.
Adjust Story Font
16

