Quantcast

14 മില്യൺ റിയാൽ ചെലവ്; മസ്‌കത്തിൽ നാല് പുതിയ സ്‌കൂളുകൾ വരുന്നു

MediaOne Logo

Web Desk

  • Published:

    10 April 2025 6:09 PM IST

14 മില്യൺ റിയാൽ ചെലവ്; മസ്‌കത്തിൽ  നാല് പുതിയ സ്‌കൂളുകൾ വരുന്നു
X

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ 14 ദശലക്ഷത്തിലധികം ഒമാനി റിയാൽ ചിലവിൽ നാല് പുതിയ സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിവിധ ഗ്രേഡുകളിലെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സ്‌കൂളുകൾ നിർമ്മിക്കുന്നത്. വിശാലമായ ക്ലാസ് റൂമുകൾ, മൾട്ടി പർപ്പസ് ഹാളുകൾ, ലേണിംഗ് സെന്ററുകൾ, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സ്‌കൂളുകളിൽ ഉണ്ടാകുമെന്ന് മസ്‌കത്ത് ഗവർണറേറ്റിലെ പ്രോജക്ട്‌സ് ആൻഡ് സർവീസസ് ഡയറക്ടർ ഡോ. അബ്ദുല്ല ഖൽഫാൻ അൽ ഷിബിലി പറഞ്ഞു. പുതിയ സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യത്തെ സ്‌കൂൾ അൽ ആമിറാത്ത് വിലായത്തിലാണ്. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കായുള്ള 40 ക്ലാസ് മുറികളാണ് സജ്ജമാക്കുക. സ്‌കൂളിന്റെ നിർമ്മാണ ചിലവ് 3.6 ദശലക്ഷം റിയാലാണെന്നും അൽ ഷിബിലി വിശദീകരിച്ചു.

രണ്ടാമത്തെയും മൂന്നാമത്തെയും സ്‌കൂളുകൾ സീബ് വിലായത്തിലാണ് നിർമ്മിക്കുന്നത്. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കായുള്ള 40 ക്ലാസ് റൂമുകളുള്ള സ്‌കൂളുാണ് ഇതിൽ ആദ്യത്തേത്. ഇതിന് 3.59 ദശലക്ഷം റിയാൽ ആണ് നിർമ്മാണ ചിലവ്. രണ്ടാമത്തേതും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കായുള്ള 40 ക്ലാസ് റൂമുകളുള്ള സ്‌കൂളാണ്. ഇത് ഹൈൽ അൽ അവാമിറിൽ 3.95 ദശലക്ഷം റിയാൽ ചിലവിലാണ് നിർമ്മിക്കുന്നത്.

നാലാമത്തെ സ്‌കൂൾ ഖുറയാത്ത് വിലായത്തിലാണ് നിർമ്മിക്കുന്നത്. ഇത് ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 36 ക്ലാസ് റൂമുകളുള്ള കോ-എഡ്യൂക്കേഷണൽ സ്‌കൂളാണ്. ഇതിന്റെ നിർമ്മാണ ചിലവ് 3.6 ദശലക്ഷം റിയാലാണെന്നും അൽ ഷിബിലി വിശദീകരിച്ചു. പുതിയ സ്‌കൂളുകൾ വരുന്നതോടെ മസ്‌കത്ത് ഗവർണറേറ്റിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാക്കാാൻ സാധിക്കും.

TAGS :

Next Story