2050 ഓടെ ജിസിസി ജനസംഖ്യ 8.36 കോടിയാകും
2025 -2050 വരെ ജനസംഖ്യാ വളർച്ച തുടരുമെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്

മസ്‌കത്ത്: 2025 മുതൽ 2050 വരെയുള്ള കാലയളവിൽ ജനസംഖ്യാ വളർച്ച തുടരുമെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ജനസംഖ്യ ഏകദേശം 8.36 കോടിയായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായമായവരുടെ എണ്ണം 55 ലക്ഷത്തിലധികമാകുമെന്നും പ്രതീക്ഷിക്കുന്നു.
2024 അവസാനത്തോടെ ജിസിസി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ ഏകദേശം 6.15 കോടി ആയിരുന്നതായി കേന്ദ്രം പുറത്തിറക്കിയ ജിസിസി രാജ്യങ്ങളുടെ ജനസംഖ്യാ സൂചകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 നെ അപേക്ഷിച്ച് 85 ലക്ഷം ആളുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ശരാശരി വാർഷിക വളർച്ചാ നിരക്ക് 2.8 ശതമാനവുമായിരുന്നു. ആഗോള നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയായിരുന്നിത്.
ജനസംഖ്യയുടെ ഏറ്റവും വലിയ ശതമാനം (15 -64 വയസ്സ്) വിഭാഗത്തിൽപ്പെട്ട ജോലിക്കാരാണെന്നും കൗൺസിൽ തലത്തിൽ ഇത് 76.7 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. കുട്ടികളുടെ വിഭാഗം (0-14 വയസ്സ്) 20.6 ശതമാനവും പ്രായമായവർ (65 വയസ്സും അതിൽ കൂടുതലുമുള്ളവർ) ഏകദേശം 2.6 ശതമാനമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജനസംഖ്യയുടെ യുവത്വ സ്വഭാവത്തെയും തൊഴിൽ ശക്തിയുടെ സമൃദ്ധിയെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ജോലി ചെയ്യുന്ന പ്രായത്തിലുള്ള 100 പേർക്ക് ഏകദേശം 30 കുട്ടികളും പ്രായമായവരും എന്നാണ് മൊത്തം ആശ്രിതത്വ അനുപാതം.
അതേസമയം, ജിസിസി രാജ്യങ്ങളിൽ പുരുഷന്മാരുടെ എണ്ണം 62.7 ശതമാനത്തിലെത്തി. സ്ത്രീകൾ 37.3 ശതമാനവുമായി. 100 സ്ത്രീകൾക്ക് 168 പുരുഷന്മാരെന്ന തോതിലാണ് ലിംഗാനുപാതം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ജനസംഖ്യാ ഘടനയാണ് ഇതിന് കാരണം.
ജിസിസി രാജ്യങ്ങളിലെ വികസന സുസ്ഥിരത ഉറപ്പാക്കാൻ നഗരാസൂത്രണം, ആരോഗ്യ സംരക്ഷണം, തൊഴിൽ വിപണി, സാമൂഹിക സംരക്ഷണം എന്നീ മേഖലകളിൽ ദീർഘകാല നയങ്ങൾ വികസിപ്പിക്കണമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16

