ഒമാനിൽ നിന്നുള്ള ഹജ്ജ് ഒരുക്കങ്ങൾ; യാത്രയും താമസവും കൂടുതൽ സുഗമമാക്കും
കുറഞ്ഞ വിമാന നിരക്കുകൾ, സ്മാർട്ട് ബസ് ട്രാക്കിംഗ്, മെച്ചപ്പെട്ട ക്യാമ്പുകൾ തുടങ്ങിയവ യോഗത്തിൽ വിശദീകരിച്ചു

മസ്കത്ത്: ഒമാനിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുമെന്ന് ഹജ്ജ് മിഷൻ മേധാവി ശൈഖ് അഹമ്മദ് ബിൻ സാലിഹ് അൽ റാഷിദി. ഒമാനി ഹജ്ജ് മിഷൻ ഹജ്ജ് കമ്പനികളുമായി യോഗം ചേർന്നു. കുറഞ്ഞ വിമാന നിരക്കുകൾ, സ്മാർട്ട് ബസ് ട്രാക്കിംഗ്, മെച്ചപ്പെട്ട ക്യാമ്പുകൾ തുടങ്ങിയവ യോഗത്തിൽ വിശദീകരിച്ചു.
ഒമാനി ബസുകൾക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചതായി ഹജ്ജ് മിഷൻ മേധാവി പറഞ്ഞു. ഈ ബസുകൾ തീർഥാടകരെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുകയും, അവിടെ നിന്ന് സൗദിയിലെ അംഗീകൃത വാഹനങ്ങളിൽ കൊണ്ടുപോവുകയും ചെയ്യും. ഇത് കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കും. ബസുകളുടെ സുരക്ഷയ്ക്കായി പുതിയ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഇത് ബസുകളുടെ തത്സമയ വിവരങ്ങൾ നൽകുന്നതിലൂടെ അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഇടപെടാൻ സഹായിക്കും.
വിമാന ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. പുതിയ യാത്രാ ഓപ്ഷനുകളായി തായ്ഫ് എയർപോർട്ടും, ഒമാനിലെ സോഹാർ എയർപോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരുടെ താമസം സുഖകരമാക്കാൻ മിനായിലെ ക്യാമ്പുകളിൽ ആധുനിക മേൽക്കൂരകൾ, മെച്ചപ്പെട്ട വെളിച്ചം, പുതിയ തറകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഇത് മികച്ച വായുസഞ്ചാരവും സുരക്ഷയും ഉറപ്പാക്കും.
ഹജ്ജ് കമ്പനികൾക്കൊപ്പം ഒമാനി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 17 ഡോക്ടർമാർക്ക് അനുമതി നൽകിക്കഴിഞ്ഞു. ഇവർ മിഷന്റെ മെഡിക്കൽ ടീമിന് കീഴിൽ നേരിട്ട് മേൽനോട്ടം വഹിക്കും. വിശുദ്ധ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന അൽ നസീം ഡിസ്ട്രിക്റ്റിൽ ഹജ്ജ് മിഷന്റെ പുതിയ ആസ്ഥാനം സ്ഥാപിച്ചു. ഇത് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.
Adjust Story Font
16

