Quantcast

നയതന്ത്ര മികവിന്റെ ഒരു വർഷം; ഒമാൻ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പടിയിറങ്ങുന്നു

പ്രശാന്ത് പിസെ പുതിയ അംബാസഡറായി ചുമതലയേൽക്കും

MediaOne Logo

Web Desk

  • Published:

    12 May 2026 10:57 PM IST

നയതന്ത്ര മികവിന്റെ ഒരു വർഷം; ഒമാൻ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പടിയിറങ്ങുന്നു
X

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് തന്റെ വിജയകരമായ നയതന്ത്ര ദൗത്യം പൂർത്തിയാക്കി സ്ഥാനമൊഴിയുന്നു. 2025 ഏപ്രിലിൽ ചുമതലയേറ്റ അദ്ദേഹം, കേവലം ഒരു വർഷത്തെ സേവനകാലയളവിനുള്ളിൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഏകോപിപ്പിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്ത കരാർ വേഗത്തിലാക്കിയതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. ഗ്രീൻ ഹൈഡ്രജൻ, ഫിൻടെക് മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനൊപ്പം ഒമാൻ ഭരണകൂടവുമായി മികച്ച നയതന്ത്ര സൗഹൃദം നിലനിർത്താനും 1993 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് സാധിച്ചു.

ഔദ്യോഗിക പദവികൾക്കപ്പുറം ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു ജി.വി. ശ്രീനിവാസ്. ഇന്ത്യൻ സമൂഹത്തിന്റെ പരിപാടികളിലെല്ലാം വലിയ ആവേശത്തോടെ അദ്ദേഹം പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. പങ്കെടുക്കുന്ന പരിപാടികളിൽ പാട്ട് പാടി പ്രവാസികളുടെ മനം കവർന്നിരുന്നു. പ്രവാസി ക്ഷേമത്തിലും വിദ്യാർഥികളുടെ ഉന്നമനത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തി. സ്ലൊവാക് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് പിസെയാണ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ. 1995 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പിസെ ഉടൻ തന്നെ മസ്‌കത്തിൽ ചുമതലയേൽക്കും.

TAGS :

Next Story