Quantcast

മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കുന്നു

ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    9 May 2025 6:23 PM IST

മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കുന്നു
X

മസ്‌കത്ത്: മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ ഒമാനൈസേഷൻ ഊർജിതമാക്കാനൊരുങ്ങുന്നു. ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്. ആരോഗ്യ മേഖല തൊഴിൽ ഭരണ സമിതിയുമായി ചേർന്ന് വിവിധ മെഡിക്കൽ സ്‌പെഷ്യലൈസേഷനുകൾ ലക്ഷ്യമിട്ട് ഒമാനൈസേഷൻ സംരംഭങ്ങൾ സജീവമാക്കാനാണ് നീക്കം. മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡ് സി.ഇ.ഒയും ആരോഗ്യ മേഖല എംപ്ലോയ്മെന്റ് ഗവേണൻസ് കമ്മിറ്റി ചെയർപേഴ്സണുമായ ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മിയുമായി കൂടിക്കാഴ്ച നടത്തി.

ഗവർണറേറ്റിലെ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുൻഗണനാ സംരംഭങ്ങൾ അവലോകനം ചെയ്തു. ദന്തഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മെഡിക്കൽ കോഡർമാർ എന്നിവരെ നിയമിക്കാനുള്ള പദ്ധതികളും ചർച്ചയിൽ വന്നു. ആരോഗ്യ അക്കാദമിക് സ്ഥാപനങ്ങളിലെ ബിരുദധാരികളെ തൊഴിൽ വിപണി ആവശ്യങ്ങൾക്കനുസൃതമായി സ്‌പെഷ്യലൈസേഷനുകളിൽ വീണ്ടും പരിശീലിപ്പിക്കാനുള്ള നീക്കം നടത്തും. മെഡിക്കൽ മേഖലയിലെ തൊഴിൽ ശക്തിയുടെ ആവശ്യകതകൾ വിലയിരുത്താനും, ആവശ്യമായ ജീവനക്കാരുടെ എണ്ണം നിർണയിക്കാനും, സ്ഥിരമായ തൊഴിൽ ഉറപ്പാക്കുന്നതിനായും ചുമതലപ്പെടുത്തിയിരിക്കുന്ന ആരോഗ്യ മേഖലയിലെ തൊഴിൽ ഭരണ സമിതിയുടെ പങ്കിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി.

TAGS :

Next Story