ഖരീഫ് സീസൺ; ദോഫാർ ഗവർണറേറ്റിൽ വിപണി സുരക്ഷിതമാക്കാനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി സമഗ്ര കർമപദ്ധതി
ജൂൺ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബർ പകുതി വരെയാണ് ഖരീഫ് സീസൺ

മസ്കത്ത്: ഖരീഫ് സീസണിന് മുന്നോടിയായി ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ വിപണി സുരക്ഷിതമാക്കാനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി സമഗ്ര കർമപദ്ധതി പ്രഖ്യാപിച്ച് ഒമാൻ വാണിജ്യ മന്ത്രാലയം. സഞ്ചാരികൾക്കും താമസക്കാർക്കും ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാനും വിപണിയിലെ വിലക്കയറ്റവും തട്ടിപ്പുകളും തടയാനും കർശന പരിശോധന നടത്തും.
ജൂൺ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബർ പകുതി വരെ നീണ്ടു നിൽക്കുന്ന മൺസൂൺ സീസണായ ഖരീഫ് സീസണിൽ ദോഫാറിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾക്കായി വിപുലമായ ഒരുക്കങ്ങളാണ് മന്ത്രാലയം നടത്തുന്നത്. വാണിജ്യ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഭക്ഷ്യശേഖരത്തിന്റെ ലഭ്യത തുടങ്ങിയവ നിരീക്ഷിക്കുന്നുണ്ട്. ഗവർണറേറ്റിലെ പെട്രോൾ പമ്പുകളിലെ മീറ്ററുകൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള 'മെട്രോളജിക്കൽ വെരിഫിക്കേഷൻ' മന്ത്രാലയം പൂർത്തിയാക്കി. പമ്പുകളിലെ ശുചിമുറികൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളുടെ വൃത്തിയും ഉറപ്പുവരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ദോഫാർ ഗവർണറേറ്റ് മികച്ച സാമ്പത്തിക വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തുന്നത്. ഈ വർഷത്തെ ആദ്യ പാദത്തിൽ മാത്രം 1,059 പുതിയ വാണിജ്യ രജിസ്ട്രേഷനുകളാണ് നടന്നത്. വിനോദസഞ്ചാരം മെച്ചപ്പെടുത്താനായി അഫ്താൽഖൂത്ത് വ്യൂപോയിന്റ്, ധൽഖൂത്തിലെ ദീം വ്യൂപോയിന്റ്, റഖ്‌യൂത്തിലെ ഷാത്ത് വ്യൂപോയിന്റ് പ്രോജക്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂറിസം സൈറ്റുകൾ വികസിപ്പിച്ചുവരികയാണ്. അതേസമയം ഇപ്രാവശ്യത്തെ സീസണിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. 2025 ൽ സന്ദർശകരുടെ എണ്ണം 1.07 ദശലക്ഷമായിരുന്നു 2024 ൽ 1.05 ദശലക്ഷവും 2023 ൽ 962,196 ഉം സന്ദർശകർ സലാലയിലെത്തി
Adjust Story Font
16

