ന്യൂനമർദം; ഒമാനിൽ ഡിസംബർ 20 വരെ മഴക്ക് സാധ്യത
വാദികളിലും, താഴ്‌വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ശക്തമായ വടക്കൻ കാറ്റിനും സാധ്യത
മസ്കത്ത്: ഒമാനിൽ ഡിസംബർ 20 വരെ ന്യൂനമർദം ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി മിക്ക ഗവർണറേറ്റുകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, മഴ സമയത്ത് വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ന്യൂനമർദത്തിന്റെ ഫലമായി ഡിസംബർ 20 വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പുള്ളത്. മഴയെതുടർന്ന് വാദികളിലും, താഴ്‌വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ശക്തമായ വടക്കൻ കാറ്റിനും സാധ്യതയുണ്ട്.
നാളെ മുസന്ദം ഗവർണറേറ്റിൽ മേഘ രൂപീകരണവും ഇടവിട്ട മഴയും ഉണ്ടാകുമെന്നും പ്രവചനമുണ്ട്. 10 മുതൽ 25 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അതോറിറ്റി അറിയിക്കുന്നത്. ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലേക്കും ഇതിന്റെ ആഘാതം ഉണ്ടായേക്കാം. ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മുസന്ദം, ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ചിലപ്പോൾ ഇത് കനത്തതായിരിക്കുമെന്നും സിഎഎ പറയുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. കടലിൽ പോകുന്നതിനുമുമ്പ് ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകളും സമുദ്ര മുന്നറിയിപ്പുകളും നിരീക്ഷിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.
Adjust Story Font
16

