മത്ര കേബിൾ കാർ പദ്ധതി ഈ വർഷം പൂർത്തിയാക്കും; നിർമാണ പുരോഗതികൾ വിലയിരുത്തി അധികൃതർ

മസ്‌കത്ത്: മത്ര കേബിൾ കാർ പദ്ധതി ഈ വർഷം പൂർത്തിയാക്കും. പദ്ധതിയുടെ നിർമാണ പുരോഗതികൾ വിലയിരുത്തവെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്ര ഡെപ്യൂട്ടി വാലി ശൈഖ് അബ്ദുൽ ഹമീദ് അൽ ഖറൂസി മത്ര വിലായത്തിലെ രണ്ട് പ്രധാന ടൂറിസം പദ്ധതികളായ കേബിൾ കാർ പദ്ധതിയും കോട്ടയ്ക്കു സമീപമുള്ള മ്യൂസിയവും സന്ദർശിച്ചു. ടൂറിസം വികസനവും പ്രാദേശിക-അന്തർദേശീയ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു ലക്ഷ്യം. കോർണിഷിന്റെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് ഒരുക്കുകയാണ് കേബിൾ കാർ പദ്ധതിയുടെ ലക്ഷ്യം. കോട്ടയ്ക്കു സമീപം സ്ഥിതിചെയ്യുന്ന മ്യൂസിയം പുരാവസ്തുക്കൾ, കൈയ്യെഴുത്തുപ്രതികൾ, ചരിത്രഫോട്ടോഗ്രാഫുകൾ എന്നിവയിലൂടെ മത്രയുടെ സമ്പന്നമായ ചരിത്രം അവതരിപ്പിക്കും.
മത്രയെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ. കേബിൾ കാർ പദ്ധതി അടുത്ത 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മത്ര ഫിഷ് മാർക്കറ്റ്, അൽ റിയാം പാർക്ക്, കൽബൗ പാർക്ക് എന്നിവിടങ്ങളിൽ മൂന്ന് സ്റ്റേഷനുകളുണ്ടാകും. ഏകദേശം 3 കിലോമീറ്റർ ദൂരം ഈ പാത ഉൾക്കൊള്ളും എന്നും അധികൃതർ വ്യക്തമാക്കി
മിഡിൽ ഈസ്റ്റിലെ ഏറ്റവും നീളം കൂടിയ കേബിൾ കാർ സംവിധാനങ്ങളിൽ ഒന്നായിരിക്കും ഇത്. കേബിൾ കാർ സംവിധാനങ്ങളുടെ രൂപകൽപ്പന, സർവേ, നിർമ്മാണം എന്നിവയിൽ പ്രാഗത്ഭ്യമുള്ള റകീസ് ഇൻവെസ്റ്റ്മെന്റ്സാണ് പദ്ധതി നടപ്പിലാക്കുന്നത്.
Adjust Story Font
16

