Quantcast

ഉച്ചവിശ്രമ നിയമം: ഒമാനിലെ നിർമാണ കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘങ്ങൾ പരിശോധനകൾ നടത്തും

MediaOne Logo

Web Desk

  • Published:

    1 Jun 2026 6:29 PM IST

ഉച്ചവിശ്രമ നിയമം: ഒമാനിലെ നിർമാണ കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
X

മസ്‌കത്ത്: ഒമാനിൽ വേനൽക്കാലത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ, ജൂലൈ, ആഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും കൺസ്ട്രക്ഷൻ സൈറ്റുകളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് ഒമാൻ തൊഴിൽ മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെയുള്ള സമയത്ത് തൊഴിലാളികൾക്ക് നിർബന്ധമായും വിശ്രമം നൽകണം. വേനൽക്കാലത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിർമാണ കമ്പനികളും മറ്റ് തൊഴിലുടമകളും ഈ നിർദേശം വീഴ്ചകൂടാതെ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കഠിനമായ വെയിൽ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനുമാണ് ഈ സുരക്ഷാ മുൻകരുതൽ നടപ്പാക്കുന്നത്. നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിൽ മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധനകൾ നടത്തും.

TAGS :

Next Story