രണ്ടര ലക്ഷം യാത്രക്കാരിൽ നിന്ന് വിവരം ശേഖരിച്ചു; സുപ്രധാന ഗതാഗത പഠനവുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
ആറ് പ്രധാന റൂട്ടുകളിൽ യാത്രാ സമയ സർവേകൾ

മസ്‌കത്ത്: മസ്‌കത്ത് ഏരിയ ട്രാഫിക് സ്റ്റഡി 2025 ന്റെ ഭാഗമായി ഗവർണറേറ്റിലെ ആറ് വിലായത്തുകളിലുമായി സമഗ്ര ഗതാഗത സർവേകൾ വിജയകരമായി പൂർത്തിയാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി. വിപുലമായ ട്രാഫിക്, മൊബിലിറ്റി കണക്കെടുപ്പാണ് സർവേകളിലൂടെ നടത്തിയത്. 54 സ്ഥലങ്ങളിൽ ഓട്ടോമേറ്റഡ് ട്രാഫിക് കണക്കെടുപ്പ്, 88 ജംഗ്ഷനുകളിൽ ട്രാഫിക് ചലന കണക്കെടുപ്പ്, 21 ഇന്റർചേഞ്ചുകളിൽ ഇന്റർചേഞ്ച് ടേണിംഗ് കണക്കെടുപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യഥാർഥ യാത്രാ സമയങ്ങളും തിരക്കും വിലയിരുത്തുന്നതിന്, ആറ് പ്രധാന റൂട്ടുകളിലായി യാത്രാ സമയ സർവേകൾ നടത്തി. കൂടാതെ, ഒറിജിൻ- ഡെസ്റ്റിനേഷൻ യാത്രാ സർവേകൾ രണ്ടര ലക്ഷം പേരിൽ നിന്ന് ഡാറ്റ ശേഖരിച്ചു. ഗതാഗത രീതികളോടുള്ള പൊതുജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിനായി 17 സ്ഥലങ്ങളിൽ മുൻഗണന സർവേ നടത്തി.
പാർക്കിംഗ് ആവശ്യകതയും ഉപയോഗവും വിലയിരുത്തുന്നതിനായി ഏഴ് പ്രധാന സ്ഥലങ്ങളിൽ പൊതു പാർക്കിംഗ് സർവേകൾ നടത്തി.
ഭാവിയിലെ ഗതാഗത ആസൂത്രണത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും സഹായിക്കുന്ന, റോഡ് ശൃംഖലയെ കുറിച്ച് ശാസ്ത്രീയവും കൃത്യവുമായ വിലയിരുത്തലിനെ പിന്തുണയ്ക്കുന്ന ഫീൽഡ് ഡാറ്റയാണ് ഈ സംരംഭം ശേഖരിച്ചത്.
Adjust Story Font
16

