മസ്‌കത്ത് നൈറ്റ്സ് 2026ന് ഒരുക്കം ആരംഭിച്ചു
വിവിധ പ്രവർത്തനങ്ങൾക്കായി നടത്തിപ്പുകാരെ ക്ഷണിച്ചു

മസ്‌കത്ത്: വിവിധ പ്രവർത്തനങ്ങൾക്കായി ബിഡ്ഡുകൾ ക്ഷണിച്ചുകൊണ്ട് മസ്‌കത്ത് നൈറ്റ്സ് 2026-നുള്ള ഒരുക്കം ആരംഭിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി.വിവിധ പരിപാടികളുടെ രൂപകൽപ്പനയും നടപ്പാക്കലും മാനേജ്മെന്റും, ഒമാൻ മധുരപലഹാര യൂണിറ്റുകളുടെ രൂപകൽപ്പനയും നിർമാണവും, ആമിറാത്ത് പാർക്കിലെ ഇൻഫ്‌ളറ്റബിൾ ഗെയിമുകളുടെ നടപ്പാക്കലും മാനേജ്മെന്റും, നസീം, ആമിറാത്ത് പാർക്കുകളിലെ ഹൊറർ സിറ്റിയുടെ രൂപകൽപ്പനയും നിർമാണവും എന്നിവയ്ക്കായാണ് ബിഡ്ഡുകൾ ക്ഷണിച്ചത്. ബിഡ്ഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9 ആണ്. കഴിഞ്ഞ മസ്‌കത്ത് നൈറ്റ്സിൽ നിന്ന് വ്യത്യസ്തമായി അടുത്ത പതിപ്പ് പുതുവത്സരം മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മസ്‌കത്ത് 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ നീണ്ടുനിന്നതും പിന്നീട് ഫെബ്രുവരി വരെ നീട്ടിയതുമായിരുന്നു.
മസ്‌കത്ത് നൈറ്റ്സ് 2026-ന്റെ സംയോജിത പ്രമോഷണൽ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിനായി പ്രമോഷനിലും മാർക്കറ്റിംഗിലും വൈദഗ്ധ്യമുള്ള ഒരു കമ്പനിയുമായി കരാർ നേടാൻ അടുത്തിടെ മസ്‌കത്ത് മുനിസിപ്പാലിറ്റി ബിഡ് തയ്യാറാക്കിയിരുന്നു. 2026 ജനുവരി ഒന്നിനും ജനുവരി 31 നും ഇടയിൽ പരിപാടി നടക്കുമെന്നായിരുന്നു സൂചന. ഈ ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 21 ആണ്.
1.7 ദശലക്ഷത്തിലധികം സന്ദർശകരാണ് മസ്‌കത്ത് നൈറ്റ്സ് 2025ന് എത്തിയത്. 1,000-ത്തിലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ പങ്കെടുത്തു. ഖുറം നാഷണൽ പാർക്ക്, ആമിറാത്ത് പാർക്ക്, നസീം പാർക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് പരിപാടി നടന്നത്. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം പൂക്കളുമായി ഖുറം നാഷണൽ പാർക്ക് ആദ്യമായി മസ്‌കത്ത് പുഷ്പമേളയ്ക്കും ആതിഥേയത്വം വഹിച്ചിരുന്നു.
Adjust Story Font
16

