പുതിയ പാർക്കുകളും അടിസ്ഥാന സൗകര്യ വികസനവും; നിർണായക കരാറുകളിൽ ഒപ്പുവെച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ രീതികളും മുൻനിർത്തിയായിരിക്കും ഇതിന്റെ നിർമാണം

മസ്കത്ത്: ഒമാനിലെ സീബ്, ബൗഷർ, അൽ ആമിറാത്ത് എന്നീ വിലായത്തുകളിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി മസ്‌കത്ത് മുനിസിപ്പാലിറ്റി നിരവധി കരാറുകളിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങളിലും പൊതു ഇടങ്ങളിലും തുടർച്ചയായ നിക്ഷേപം നടത്തി. സുസ്ഥിരമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സീബ് വിലായത്തിലെ സൗത്ത് അൽ മബേല ഇൻഡസ്ട്രിയൽ ഏരിയയുടെ വികസനത്തിനായുള്ള പഠനങ്ങൾക്കും കൺസൾട്ടൻസി ഡിസൈനുകൾക്കുമായുള്ള പദ്ധതി ഒപ്പുവെച്ച കരാറുകളിൽ ഉൾപ്പെടുന്നു. റോഡ് ശൃംഖലകളുടെ നവീകരണം, അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും മെച്ചപ്പെടുത്തൽ, ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ഹരിതവൽക്കരണത്തിലൂടെയും നഗര സൗന്ദര്യവൽക്കരണത്തിലൂടെയും പ്രദേശം ആകർഷകമാക്കൽ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത വികസന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരവൽക്കരണത്തിന് അനുസൃതമായി ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനും സാമ്പത്തിക-വ്യാവസായിക പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും ഈ പദ്ധതി സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഹരിത പ്രദേശങ്ങൾ വ്യാപിപ്പിക്കുന്നതിനും ആധുനിക വിനോദ-സാമൂഹിക സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബൗഷർ വിലായത്തിലെ അൽ ഖുറുമിലുള്ള ഫൺ സോൺ ഷോപ്പിങ് സെന്ററിന് എതിർവശത്തായി ഒരു പബ്ലിക് പാർക്ക് നിർമ്മിക്കുന്നതിനും കരാറായി. തണൽ വിരിച്ച കാൽനടപ്പാതകൾ, വിശാലമായ പുൽത്തകിടികൾ, ബഹുവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഇന്ററാക്ടീവ് പ്ലാസ, പനോരമിക് കഫേ എന്നിവ ഈ പാർക്കിന്റെ സവിശേഷതകളായിരിക്കും. സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ രീതികളും മുൻനിർത്തിയായിരിക്കും ഇതിന്റെ നിർമാണം.
അൽ ആമിറാത്ത് റെസിഡൻഷ്യൽ പാർക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിലും മസ്‌കത്ത് മുനിസിപ്പാലിറ്റി ഒപ്പുവെച്ചു. ഒമാനിന്റെ പ്രകൃതിഭംഗിയിൽ നിന്നും താഴ്‌വരകളുടെ ഭൂപ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒമാനി വാസ്തുവിദ്യയും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ഘടകങ്ങൾ ഇതിലുണ്ടാകും. കായിക-വിനോദ സൗകര്യങ്ങൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള ഇടങ്ങൾ എന്നിവയോടെ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഈ പാർക്ക് ഒരുക്കുന്നത്.
Adjust Story Font
16

