മസ്‌കത്ത് നൈറ്റ്സിൽ നിരവധി കായിക പരിപാടികളും
ഇന്റർനാഷണൽ ഓപ്പൺ ബൗളിങ് ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ

മസ്‌കത്ത് നൈറ്റ്സിന്റെ ഭാഗമായി നിരവധി കായിക പരിപാടികളും നടക്കുമെന്ന് സ്പോർട്സ് ഇവന്റുകളുടെ സൂപ്പർവൈസർ ഹുസൈൻ ബിൻ സഈദ് അൽ റുംഹി. മസ്‌കത്ത് നൈറ്റ്സ് ഇന്റർനാഷണൽ ഓപ്പൺ ബൗളിങ് ചാമ്പ്യൻഷിപ്പ് ജനുവരി 8 മുതൽ 19 വരെയായി സീബ് ബൗളിങ് സെന്ററിൽ നടക്കുമെന്ന്് അദ്ദേഹം അറിയിച്ചു. രണ്ടാം പതിപ്പാണ് ഇക്കുറി നടക്കുന്നത്.
12-ാമത് ഇന്റർനാഷണൽ ഷോട്ടോകാൻ സെന്റർ കരാട്ടെ ചാമ്പ്യൻഷിപ്പ് ജനുവരി 30 മുതൽ 31 വരെ അഹ്ലി സിദാബ് ക്ലബ്ബിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജനുവരി 15 മുതൽ 23 വരെയായി അൽ അമൽ ക്ലബ്ബിൽ മസ്‌കത്ത് ഇന്റർനാഷണൽ ചെസ് നൈറ്റ്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് നടക്കുമെന്നും വ്യക്തമാക്കി. 37 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 266 കളിക്കാർ പങ്കെടുക്കുന്ന ഓപ്പൺ എ, ഓപ്പൺ ബി, ബ്ലിറ്റ്‌സ് എന്നീ മൂന്ന് ടൂർണമെന്റുകൾ നടത്തും.
ജനുവരി 14 മുതൽ 18 വരെയായി മസ്‌കത്ത് നൈറ്റ്സ് ഇന്റർനാഷണൽ ബില്യാർഡ്സ് ആൻഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പും നടക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. അരീന ക്ലബ് - ആക്ടീവ് ഒമാനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250 താരങ്ങൾ പങ്കെടുക്കും.
പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള മസ്‌കത്ത് ഇന്റർനാഷണൽ 3x3 ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ജനുവരി 22 മുതൽ 24 വരെ അൽ അറൈമി ബൊളിവാർഡിൽ നടക്കുമെന്നും വ്യക്തമാക്കി. ജനുവരി 22 പ്രാദേശിക ടൂർണമെന്റിനായി നീക്കിവയ്ക്കുമെന്നും അന്താരാഷ്ട്ര മത്സരങ്ങൾ ജനുവരി 23, 24 തീയതികളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ടൂർണമെൻറുകളിൽ ഗൾഫ്, അറബ് രാജ്യങ്ങൾക്ക് പുറമേ, മലേഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കും. സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെയും പങ്കാളിത്തമുണ്ടാകും.
ജനുവരി 9, 10 തീയതികളിൽ സുർ അൽ ഹദീദ് ബീച്ചിൽ മസ്‌കത്ത് നൈറ്റ്സിന്റെ ഭാഗമായി ഓപ്പൺ വാട്ടർ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് നടക്കുമെന്ന് ഹുസൈൻ അൽറുംഹി പറഞ്ഞു.
ജനുവരി 23 ന് സുർ അൽ ഹദീദ് ബീച്ചിൽ 5 കിലോമീറ്റർ മസ്‌കത്ത് നൈറ്റ്സ് ഫൺ റൺ മത്സരം സംഘടിപ്പിക്കും.
ജനുവരി 29 മുതൽ 31 വരെയായി അൽ ആമിറാത്ത് സ്റ്റേറ്റിലെ പരമ്പരാഗത ഷൂട്ടിംഗ് റേഞ്ചിൽ മസ്‌കത്ത് നൈറ്റ്സ് ട്രഡീഷണൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും.
ജനുവരി 16 ന് അൽ ആമിറാത്ത് പാർക്കിന് പിന്നിൽ നടക്കുന്ന കുതിര പ്രദർശന പരിപാടിയും നടക്കും.
ഫെസ്റ്റിവൽ കാലത്ത് ഖുറയ്യാത്തിൽ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പരമ്പരാഗത ഗെയിമുകളടക്കമുള്ളവ അരങ്ങേറും.
Adjust Story Font
16

